തിരുവനന്തപുരം: എം.ബി.ബി.എസ്. പരീക്ഷയുടെ ആദ്യവർഷ ചോദ്യപേപ്പർ സംബന്ധിച്ചുള്ള പരാതികൾ ആരോഗ്യസർവകലാശാല പരിശോധിക്കുന്നു. പരീക്ഷയ്ക്കുശേഷം ബോർഡ് ഓഫ് സ്റ്റഡീസും എക്സാമിനേഷൻ ബോർഡും ചേർന്ന് ചോദ്യപേപ്പറും സാംപിൾ ഉത്തരക്കടലാസുകളും വിലയിരുത്തി മൂല്യനിർണയത്തിൽ ഇളവുവേണോ എന്ന് പരിശോധിക്കുമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.

നിലവിൽ എം.ബി.ബി.എസ്. സിലബസ് പരിഷ്കരിച്ചിട്ടുണ്ട്. രോഗചികിത്സയുമായി ബന്ധപ്പെടുത്തിയാണ് മിക്ക വിഷയങ്ങളും പഠിക്കേണ്ടതെന്ന രീതിയിൽ പാഠ്യപദ്ധതിയിലും പരീക്ഷാരീതിയിലും മാറ്റംവരുത്തിയിട്ടുണ്ട്. ഇക്കാര്യം ഉൾക്കൊള്ളാൻ വിദ്യാർഥികൾക്കായിട്ടുണ്ടോ എന്നും വിലയിരുത്തും. ഒന്നാംവർഷ ഡെന്റൽ പരീക്ഷ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 15, 17 തീയതികളിൽ നടന്ന അനാട്ടമി ഒന്നും രണ്ടും പേപ്പർ പരീക്ഷകൾ സംബന്ധിച്ചാണ് വ്യാപക പരാതികൾ. പുനപ്പരീക്ഷ നടത്തുകയോ മൂല്യനിർണയത്തിൽ ഇളവ് അനുവദിക്കുകയോ വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

Content Highlights: MBBS exam related complaints will be taken into consideration, says kerala university of health sciences