ന്യൂഡൽഹി: എൻജിനീയറിങ് പ്രവേശനത്തിനായി പ്ലസ്ടുതലത്തിൽ കണക്ക്, ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണമെന്ന നിർബന്ധമില്ലെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ). 2021-22 അധ്യായന വർഷത്തേക്കായി പ്രസിദ്ധീകരിച്ച അപ്രൂവൽ ഹാൻഡ്ബുക്കിലാണ് ഇക്കാര്യം എ.ഐ.സി.ടി.ഇ വ്യക്തമാക്കിയിട്ടുള്ളത്.

പ്ലസ്ടു തലത്തിൽ മാത്‌സ്, ഫിസിക്സ് വിഷയങ്ങൾക്കൊപ്പം കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി/ടെക്നിക്കൽ വൊക്കേഷണൽ വിഷയങ്ങൾ എന്നിവ പഠിച്ച വിദ്യാർഥികൾക്ക് മാത്രമായിരുന്നു ഇതുവരെ ബി.ഇ/ബി.ടെക് കോഴ്സ് പ്രവേശനത്തിനുള്ള അർഹത.

പുതുക്കിയ അപ്രൂവൽ ഹാൻഡ്ബുക്ക് പ്രകാരം പ്ലസ്ടു തലത്തിൽ ഫിസിക്സ്/ മാത്‌സ്/ കെമിസ്ട്രി/ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്/ ഇൻഫർമേഷൻ ടെക്നോളജി/ ബയോളജി/ ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്/ ബയോടെക്നോളജി/ ടെക്നിക്കൽ വൊക്കേഷണൽ വിഷയങ്ങൾ/ അഗ്രികൾച്ചർ/ എൻജിനീയറിങ് ഗ്രാഫിക്സ്/ ബിസിനസ് സ്റ്റഡീസ്/ എന്റർപ്രെണർഷിപ്പ് വിഷയങ്ങളിൽ 45 ശതമാനം മാർക്ക് (സംവരണവിഭാഗക്കാർക്ക് 40) നേടി പാസായ വിദ്യാർഥികൾക്ക് എൻജിനിയറിങ്ങിന് അപേക്ഷിക്കാം. ഇതോടെ കൊമേഴ്സ്, മെഡിസിൻ വിദ്യാർഥികൾക്കും എൻജിനീയറിങ് പഠിക്കാനുള്ള അവസരമാണ് തുറന്നിരിക്കുന്നത്. ഇതിന് പുറമേ 45 ശതമാനം മാർക്കോടെ മൂന്നുവർഷ ഡിപ്ലോമ കോഴ്സ് കഴിഞ്ഞിറങ്ങുന്നവർക്കും എൻജിനിയറിങ് പ്രവേശനത്തിന് അപേക്ഷിക്കാം.

ഫിസിക്സ്, മാത്‌സ്, എൻജിനീയങ് വിഷയങ്ങൾ പഠിച്ചിട്ടില്ലാത്ത, കോഴ്സിന് യോഗ്യരായ വിദ്യാർഥികൾക്ക് അതാത് സർവകലാശാലകൾ ബ്രിഡ്ജ് കോഴ്സ് പ്രദാനം ചെയ്യുമെന്നും എ.ഐ.സി.ടി.ഇ ഹാൻഡ് ബുക്കിൽ അറിയിച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ചുടവുപിടിച്ചാണ് എൻജിനിയറിങ് പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയിട്ടുള്ളതെന്ന് എ.ഐ.സി.ടി.ഇ പറഞ്ഞു.

Content Highlights: Maths, Physics not mandatory for Engineering admission says AICTE