വിദ്യാര്‍ഥികള്‍ മെഡിക്കല്‍/എന്‍ജിനിയറിങ്/ഫാര്‍മസി/ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശന നടപടികളിലേക്ക് കടക്കുകയാണ്. കേരള എന്‍ജിനിയറിങ്, ഫാര്‍മസി സ്‌കോര്‍ വന്നതോടെ പ്രവേശനത്തിന് തുടക്കമായി. ഞായറാഴ്ച (നാഷണല്‍ എലിജബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷയും നടക്കും. ജെ.ഇ.ഇ. (ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) മെയിന്‍ രണ്ട് പരീക്ഷകളും കഴിഞ്ഞു.

സ്‌കോറും അഡ്വാന്‍സ്ഡ് യോഗ്യതാ പട്ടികയും ഉടന്‍ വരും. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ മാതൃഭൂമി ഡോട്ട് കോം പ്രൊഫഷണല്‍ കോഴ്സ് ഗൈഡന്‍സ് സെമിനാര്‍ ഓണ്‍ലൈനായാണ് നടത്തുന്നത്. സെപ്റ്റംബര്‍ 15 മുതല്‍ 25 വരെ നടക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനനടപടികള്‍ അറിയാന്‍ സെമിനാര്‍ സഹായിക്കും.


ഗൂഗിള്‍ മീറ്റ് വഴി നടക്കുന്ന സെമിനാറുകള്‍ മാതൃഭൂമിയുടെ ഫെയ്‌സ്ബുക്ക് പേജായ facebook.com/mathrubhumidotcom വഴിയും കാണാം. രജിസ്റ്റര്‍ ചെയ്യാനും സംശയങ്ങള്‍ ഉന്നയിക്കാനുമായി  mathrubhumi.com/askexpert2020 എന്ന ലിങ്ക് സന്ദര്‍ശിക്കുക.

മെഡിക്കല്‍

പ്രവേശന പരീക്ഷകള്‍ക്കുശേഷം പ്രവേശന നടപടികളില്‍ എങ്ങനെ പങ്കെടുക്കണം എന്നതാണ് മാതൃഭൂമി പ്രൊഫഷണല്‍ കോഴ്സ് സെമിനാറില്‍ വിശദീകരിക്കുന്നത്.

നീറ്റ് (യു.ജി.) യോഗ്യതാ പരീക്ഷാ മാത്രമാണ്. കേരളത്തിലെ മെഡിക്കല്‍ പ്രവേശനം പ്രവേശന പരീക്ഷാ കമ്മിഷണറാണ് നടത്തുന്നത്. നീറ്റ് ഫലം വന്നതിനുശേഷമുള്ള പ്രവേശന നടപടികളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കയുണ്ട്. നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന പൊതുകൗണ്‍സലിങ്ങിനെക്കുറിച്ച് സംശയങ്ങള്‍ ഏറെയാണ്. ഇതെല്ലാം പരിഹരിക്കാന്‍ വേണ്ടിയാണ് മാതൃഭൂമി ഡോട്ട് കോം Ask Expert പ്രൊഫഷണല്‍ കോഴ്സ് സെമിനാര്‍ നടത്തുന്നത്. സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍, കല്പിത സര്‍വകലാശാല എന്നിവയിലേക്കുള്ള പ്രവേശനനടപടികള്‍ ഇതിലൂടെ അറിയാം.

എന്‍ജിനിയറിങ്

കേരളത്തിലെ എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശനം പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തും. എന്‍ജിനിയറിങ്ങിനും ഫാര്‍മസിക്കുമാണ് പ്രവേശന പരീക്ഷാ കമ്മിഷണര്‍ പരീക്ഷ നടത്തുന്നത്. നാറ്റ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ആര്‍ക്കിടെക്ചര്‍ പ്രവേശനം. പ്രവേശനപരീക്ഷകളുടെ ഫലം വന്നതിനുശേഷം നടക്കുന്ന ഓപ്ഷന്‍ രജിസ്ട്രേഷന്‍ മുതല്‍ ഇഷ്ടപ്പെട്ട കോളേജും കോഴ്സും തിരഞ്ഞെടുക്കുന്നതിന് ശേദ്ധിക്കേണ്ട കാര്യങ്ങള്‍ സെമിനാറില്‍ വിശദീകരിക്കും.

ബി.ടെക്. കഴിഞ്ഞാലുള്ള സാധ്യതകളെക്കുറിച്ച് പ്രത്യേക സെഷന്‍ ഉണ്ട്. ജെ.ഇ.ഇ. മെയിന്‍ രണ്ടുതവണ നടന്നു. രണ്ട് പരീക്ഷകളില്‍ ഏതിലെ സ്‌കോറാണോ മികച്ചത് അതാണ് പ്രവേശനത്തിന് പരിഗണിക്കുക. ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് 27-ന് നടക്കും. ഇതിനുശേഷമുള്ള പ്രവേശന നടപടികള്‍ എങ്ങനെയാണെന്ന് സെമിനാറില്‍ വ്യക്തമാക്കും.

വിദഗ്ധരുടെ ക്ലാസുകള്‍

പ്രവേശനനടപടികളെക്കുറിച്ച് വിശദീകരിക്കുന്നത് അതത് മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരാണ്. കേരള പ്രവേശന പരീക്ഷാ മുന്‍ ജോയന്റ് കമ്മിഷണര്‍മാരായ ഡോ. എസ്. രാജൂകൃഷ്ണന്‍, ഡോ. എസ്. സന്തോഷ്, ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് മുന്‍ ചെയര്‍മാനും മദ്രാസ് ഐ.ഐ.ടി. മാത്തമാറ്റിക്സ് വിഭാഗം മേധാവിയുമായ ഡോ. എസ്. സുന്ദര്‍, മദ്രാസ് ഐ.ഐ.ടി. മുന്‍ പ്രൊഫസര്‍ ഡോ. കൃഷ്ണന്‍ സ്വാമിനാഥന്‍, കുസാറ്റ് പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്നോളജി വിഭാഗം മേധാവി ഡോ. സുനില്‍ കെ. നാരായണന്‍കുട്ടി, യു.എല്‍. എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി.പി. സേതുമാധവന്‍, കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് വിഭാഗം പ്രൊഫസര്‍ ഡോ. കെ.എ. നവാസ്, സെയ്ന്റ് ജോസഫ്സ് എന്‍ജിനിയറിങ് കോളേജ് ആന്‍ഡ് ടെക്നോളജി ട്രെയിനിങ് ആന്‍ഡ് പ്ലേസ്മെന്റ് വിഭാഗം മേധാവി ഡോ. സജി ഏബ്രഹാം, വിദേശ മെഡിക്കല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ആസ്പയര്‍ എബ്രോഡ് സ്റ്റഡീസ് ഡയറക്ടര്‍ എ.എം. താലിബ് എന്നിവര്‍ ക്ലാസെടുക്കും.

സംശയങ്ങള്‍ ചോദിക്കാം

പ്രവേശന പരീക്ഷകളുടെ ഫലം വന്നതിനുശേഷമുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍, അലോട്ട്മെന്റ് തുടങ്ങിയവ സെമിനാറില്‍ വിദഗ്ധര്‍ വിശദീകരിക്കും. ഓരോ ക്ലാസിനുശേഷവും വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.

സെയ്ന്റ് ജോസഫ്സ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി പാലാ ടൈറ്റില്‍ സ്‌പോണ്‍സറും ആസ്പയര്‍ എബ്രോഡ് സ്റ്റഡീസ് കൊച്ചി പവേര്‍ഡ് ബൈ സ്‌പോണ്‍സറുമാണ്.

Content Highlights: Mathrubhumi Professional Course Guidance Online Seminar Ask Expert to Commence from 15 September