തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അടുത്തിടെ ഫലം പ്രസിദ്ധീകരിച്ച ഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകളിലെ കൂട്ടത്തോല്‍വി പരാതിയില്‍ പ്രത്യേക പുനര്‍മൂല്യനിര്‍ണയം നടത്തും. വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഗണിച്ച് ബുധനാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതിയുടേതാണ് തീരുമാനം.

എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് (57 ശതമാനം), ഫിസിക്‌സ് (63.5), കെമിസ്ട്രി (79.03), ക്ലിനിക്കല്‍ സൈക്കോളജി (72.9), എം.എ. ഇംഗ്ലീഷ് (62.7) എന്നിങ്ങനെയാണ് വിജയശതമാനം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചുമുതല്‍ 15 ശതമാനം വരെ കുറവാണ്. 2019 പ്രവേശനത്തില്‍ നിലവില്‍വന്ന പുതിയ പി.ജി. റഗുലേഷന്‍ പ്രകാരമുള്ള ആദ്യ പരീക്ഷാഫലമാണിത്. ഇതുപ്രകാരം എക്‌സ്റ്റേണല്‍ പരീക്ഷാജയത്തിന് 40 ശതമാനം മാര്‍ക്ക് വേണമെന്ന് നിര്‍ബന്ധമാക്കിയിരുന്നു.

സര്‍വകലാശാലാ പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും വര്‍ഷങ്ങളായി വ്യത്യസ്ത പാഠ്യപദ്ധതി തുടരുന്നതിനാല്‍ വ്യത്യസ്ത നിയമാവലിയാണുള്ളതെന്ന് പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍ പറഞ്ഞു. കോളേജുകളിലെ യു.ജി.പി.ജി. റഗുലേഷന്‍ വിവിധ സമിതികളുടെ ചര്‍ച്ചകള്‍ക്കുശേഷം അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചതാണ്. പരീക്ഷാഭവനിലെത്തിയ മാര്‍ക്ക് കംപ്യൂട്ടറിലേക്കു ചേര്‍ക്കുമ്പോള്‍ പിഴവുണ്ടായോ എന്ന സംശയം വിദ്യാര്‍ഥികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിഴവില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയതായി ഇദ്ദേഹം പറഞ്ഞു.

തോറ്റ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം. ഇതിന് ഫീസ് ഈടാക്കില്ല. സര്‍വകലാശാലയില്‍തന്നെ പ്രത്യേക ക്യാമ്പൊരുക്കി ഒരുമാസത്തിനകം ഫലം പ്രഖ്യാപിക്കാനാണ് അധികൃതരുടെ ശ്രമം.

യോഗത്തില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. പി. റഷീദ് അഹമ്മദ് തുടങ്ങിയവരും പങ്കെടുത്തു.

വ്യത്യസ്ത റഗുലേഷന്‍ അനീതിയെന്ന് വിദ്യാര്‍ഥികള്‍

മൂല്യനിര്‍ണയത്തില്‍ അഫിലിയേറ്റഡ് കോളേജുകളിലും സര്‍വകലാശാലാ പഠനവകുപ്പുകളിലും വ്യത്യസ്ത നിയമാവലി തുടരുന്നത് അനീതിയാണെന്ന് കോളേജ് വിദ്യാര്‍ഥികള്‍. പഠനവകുപ്പുകളില്‍ എക്‌സ്‌റ്റേണലും ഇന്റേണലും കൂടി 40 ശതമാനം മതി എന്നിരിക്കെ കോളേജുകളില്‍ ഇത് എക്‌സ്‌റ്റേണലിനു മാത്രം 40 ശതമാനം വേണം അവര്‍ പറഞ്ഞു.

Content Highlights: Mass failure in P.G. exams: Special re-evaluation without fees for failed students