തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് അനുയോജ്യമാകുന്ന തരത്തില്‍ നൂതന സാങ്കേതികതകളില്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താദ്യമായി നിര്‍മിതബുദ്ധിയില്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) എം.ടെക് കോഴ്സ് ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലും കൊല്ലം ടി.കെ.എം. കോളേജിലുമാണ് പുതിയ അധ്യയനവര്‍ഷം മുതല്‍ കോഴ്സ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ അക്കാദമിക വര്‍ഷം റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷനില്‍ എം.ടെക്, ബി.ടെക് കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരമുള്ള എം.ടെക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്, റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ കോഴ്സുകള്‍ക്ക് വരുന്ന അധ്യയനവര്‍ഷം മുതല്‍ 18 വീതം സീറ്റുകളില്‍ പ്രവേശനമുണ്ടാകും. ഇന്റര്‍ ഡിസിപ്ലിനറി മാതൃകയിലുള്ള കോഴ്സുകളിലേക്ക് കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ശാഖകളിലെ എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് പ്രവേശനം ലഭിക്കും.

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് അടുത്ത മൂന്നുവര്‍ഷത്തേക്ക് അധ്യാപക തസ്തികകള്‍ പുതുതായി സൃഷ്ടിക്കാതെ നിലവിലുള്ള വിദഗ്ധ അധ്യാപകര്‍ ജോലിഭാരം പങ്കുവെച്ച് ക്ലാസുകള്‍ കൈകാര്യംചെയ്യുന്ന രീതിയിലാണ് കോഴ്സുകള്‍ അനുവദിച്ചിട്ടുള്ളത്.

അനിവാര്യം

വലിയ തൊഴിലവസരങ്ങളുള്ള സേവനമേഖല ഉള്‍പ്പെടെയുള്ളവ നിര്‍മിതബുദ്ധിയുടെയും മെഷീന്‍ ലേണിങ്ങിന്റെയും തത്ത്വങ്ങള്‍ക്ക് അടിസ്ഥാനമായി മാറുകയാണ്. തദ്ദേശീയമായ ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മേഖലയില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ ലഭ്യത അനിവാര്യമാണ്. നാക് എ ഗ്രേഡും എന്‍.ബി. എ. അക്രഡിറ്റേഷനുമുള്ള സ്ഥാപനങ്ങള്‍ക്ക് ആധുനിക കോഴ്സുകള്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍ നയം.

-കെ.ടി. ജലീല്‍

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

Content Highlights: M.tech in Arttificial intelligence, New course in Kerala, Kerala Higher education Sector