തിരുവനന്തപുരം: കോവിഡ്-19നെ ചെറുക്കാന്‍ രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ പ്രവേശനത്തെച്ചൊല്ലി ആശങ്കയിലാണ് രക്ഷിതാക്കള്‍. സ്‌കൂള്‍ പ്രവേശനത്തിനുള്ള നടപടികള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് നാലാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുള്ളതിനാല്‍ പ്രവേശന നടപടികള്‍ നടക്കുമേയെന്ന ആശയക്കുഴപ്പത്തിലാണ് പലരും. അതിനാല്‍ത്തന്നെ പല രക്ഷിതാക്കളും സ്‌കൂളുകളിലെത്തിയിട്ടില്ല.   

രക്ഷിതാക്കള്‍ക്ക് പേടി

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ അധ്യായന വര്‍ഷം തകിടം മറിയുമോ എന്ന ഭയത്തിലാണ് ഭൂരിഭാഗം രക്ഷിതാക്കളും. ലോകത്താകമാനം രോഗബാധയുടെ പ്രത്യാഘാതങ്ങള്‍ ഏറ്റവുമധികം ദൃശ്യമാകുന്ന മേഖല കൂടിയാണ് വിദ്യാഭ്യാസ രംഗം. നടപടികള്‍ ആരംഭിച്ചയുടന്‍ പ്രവേശനം നേടിയില്ലെങ്കില്‍ പിന്നീടതിന് സാധിക്കുമോ, കുട്ടികളുടെ മുന്നോട്ടുള്ള പഠനത്തെ ബാധിക്കുമോ തുടങ്ങി നിരവധി ആശങ്കകളാണ് രക്ഷിതാക്കളെ അലട്ടുന്നത്.

കേരളത്തിലുടനീളം തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടുള്ളത്. ഇതില്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളും പെടും. കുട്ടികളുടെ സുരക്ഷയെച്ചൊല്ലിയാണ് ഇവിടുത്തെ രക്ഷിതാക്കളുടെ ആശങ്ക. ഓണ്‍ലൈനായി പ്രവേശന നടപടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ടാകുമെങ്കിലും അതിന് കഴിയുന്നവരുടെ എണ്ണവും കുറവാണ്. തികച്ചും സാധാരണക്കാരായവര്‍ക്ക് ഇതിനെക്കുറിച്ച് ധാരണയില്ലാത്തതും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും.

പ്രവേശന നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാലും പഠന രീതികള്‍ സാധാരണ സ്ഥിതിയിലേക്കെത്താന്‍ ഏറെ താമസമെടുക്കും. ഓണ്‍ലൈന്‍ ക്ലാസ്സുകളും വിക്ടേഴ്‌സ് ചാനലിലൂടെയുള്ള പഠനവുമെല്ലാമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും അതിന് സൗകര്യമില്ലാത്ത കുട്ടികളുമുണ്ട്. ഇതും രക്ഷിതാക്കളുടെ ആശങ്കയ്ക്ക് കാരണമാണ്. 

സര്‍ക്കാര്‍ പറയുന്നത്

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളെ കൊണ്ടുവരാതെ തന്നെ തിങ്കളാഴ്ച മുതല്‍ പ്രവേശനം നേടാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രവേശന നടപടികള്‍ക്കായി സ്‌കൂളുകളെല്ലാം തുറന്നിരിക്കും. എന്നാല്‍ പ്രവേശനം നേടാനെത്തുന്നവരും നടപടിക്രമങ്ങളില്‍ ഏര്‍പ്പെടുന്ന അധ്യാപകരും സാമൂഹിക അകലം പാലിക്കണം. എത്തുന്ന എല്ലാവര്‍ക്കും പ്രവേശനം ലഭ്യമാക്കും. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ തിരക്ക് കൂട്ടേണ്ട ആവശ്യമില്ല.

പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്താനുള്ള ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ സജ്ജമാകും. ഇത് പ്രവര്‍ത്തനക്ഷമമാകുന്ന മുറയ്ക്ക് രക്ഷിതാക്കള്‍ക്ക് സ്‌കൂളുകളിലെ തിരക്ക് നിയന്ത്രിക്കാനും സാധിക്കും. എങ്കിലും ഓണ്‍ലൈന്‍ സംവിധാനങ്ങളെക്കുറിച്ച് സംശയങ്ങളുള്ളവര്‍ക്ക് നേരിട്ടെത്തി അഡ്മിഷനെടുക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.  


Content Highlights: Lockdown 4.0, school admission, Corona outbreak, Covid-19, Corona Virus