ന്യൂഡല്‍ഹി: സി.ബി.എസ്.ഇ സിലബസ് കുറയ്ക്കാനുള്ള തീരുമാനത്തില്‍ രാഷ്ട്രീയതാത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്ന ആരോപണം അനാവശ്യമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍. വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധരുടെയും പൊതുജനങ്ങളുടേതുമുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് 30 ശതമാനം സിലബസ് കുറയ്ക്കാനുള്ള തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ സി.ബി.എസ്.ഇ. സിലബസ് 30 ശതമാനം വെട്ടിച്ചുരുക്കിയതിനെ സ്‌കൂളുകള്‍ സ്വാഗതം ചെയ്തപ്പോള്‍ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണിതെന്ന് ഒരുവിഭാഗം വിദ്യാഭ്യാസവിദഗ്ധരും പ്രതിപക്ഷനേതാക്കളും ആരോപിച്ചിരുന്നു. 11, 12 ക്ലസുകളിലെ പൊളിറ്റിക്കല്‍ സയന്‍സില്‍നിന്ന് പൗരത്വം, ദേശീയത, മതേതരത്വം, ഫെഡറലിസം, പ്ലാനിങ് കമ്മിഷനും പഞ്ചവത്സര പദ്ധതിയും തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്.

എല്ലാ വിഷയങ്ങളില്‍നിന്നും ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ഇത് വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കാന്‍ വേണ്ടി ചേയ്തിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. ഒഴിവാക്കിയ പാഠഭാഗങ്ങളില്‍നിന്ന് പരീക്ഷയ്ക്ക് ചോദ്യങ്ങളുണ്ടാവുകയില്ല. എന്നാല്‍ ഒരോ അധ്യായവും തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ ഇവ പഠിപ്പിക്കണമെന്ന് സ്‌കൂളുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. ആരോപണമുന്നയിക്കുന്നവര്‍ മൂന്നോ നാലോ പാഠഭാഗങ്ങള്‍ മാത്രം ഉയര്‍ത്തിക്കാണിച്ച് തെറ്റായ വ്യാഖ്യാനം നടത്തുകയാണ്. സിലബസ് കുറച്ചതിനെ രാഷ്ട്രീയ വിഷയമാക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Let Us Leave Politics Out Of Education: HRD Minister On Remarks Over CBSE's Revised Courses