തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പരീക്ഷയ്ക്കുമുമ്പ് പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ നിർദേശം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മധ്യവേനലവധിക്കാലത്തും പാഠഭാഗങ്ങൾ ഓൺലൈനായി പഠിപ്പിച്ചുതീർക്കാനാണു നിർദേശം.

പാഠങ്ങൾ തീർക്കാനാവശ്യമായ ക്രമീകരണങ്ങൾ സർവകലാശാലകൾ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവ ഏർപ്പെടുത്തും. പ്രാക്ടിക്കൽ ക്ലാസുകൾ കോവിഡ് മാനദണ്ഡം പാലിച്ച് ഓഫ് ലെെനായി നടത്താനുള്ള സജ്ജീകരണം പ്രിൻസിപ്പൽമാർ ഉറപ്പുവരുത്താനും ഉന്നത വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു.

വെക്കേഷൻ ക്ലാസുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ പ്രിൻസിപ്പൽമാർ സമയബന്ധിതമായി വകുപ്പധ്യക്ഷൻമാർക്കു നൽകണം. ഇക്കാലയളവിൽ ക്ലാസുകൾ നടത്താൻ പ്രത്യേക പ്രതിഫലം അനുവദിക്കില്ല. പാഠങ്ങൾ പൂർത്തിയാക്കാൻ ഗസ്റ്റ് അധ്യാപകരെ നിയോഗിക്കേണ്ടതുണ്ടെങ്കിൽ അവർക്ക് പ്രതിഫലം നൽകുന്നത് പരിഗണിക്കും. ഗസ്റ്റ് അധ്യാപകരെ നിയോഗിക്കുന്നതു സംബന്ധിച്ച മാനദണ്ഡം സ്ഥാപനമേധാവികൾ വകുപ്പധ്യക്ഷർക്ക് സമർപ്പിക്കാനും ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.

Content Highlights: Lessons in colleges must be completed by mid-summer, covid 19