കൊല്ലം: ഹൈടെക് സ്‌കൂള്‍ ലാബ് പദ്ധതിപ്രകാരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്കു നല്‍കിയ ലാപ്‌ടോപ്പുകള്‍ തിരിച്ചെടുത്ത് ആദിവാസിമേഖലയിലെ കുട്ടികള്‍ക്കു നല്‍കും. വിക്ടേഴ്‌സ് ചാനലിന് പുറമേ അതത് സ്‌കൂളുകളിലെ അധ്യാപകര്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്കാണ് ഇവ തത്കാലത്തേക്ക് വിതരണം ചെയ്യുന്നത്. കൈറ്റ് വഴി സ്‌കൂളുകള്‍ക്ക് വിതരണം ചെയ്ത ലാപ്‌ടോപ്പുകളില്‍നിന്ന് ഒരു ലക്ഷത്തോളം എണ്ണം താത്കാലികമായി തിരിച്ചെടുക്കാനാണ് ആലോചന.

10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലാപ്‌ടോപ്പ് നല്‍കും. ഇതുസംബന്ധിച്ച് മാര്‍ഗരേഖ ഉടന്‍ പുറത്തിറങ്ങും. ഇതിന് കൈറ്റിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉപയോഗശേഷം തിരികെ നല്‍കണമെന്ന വ്യവസ്ഥയിലായിരിക്കും ആദിവാസിമേഖലയില്‍ ലാപ്‌ടോപ്പ് നല്‍കുക. സ്‌കൂളുകളിലെ ഉപയോഗയോഗ്യമായ ലാപ്‌ടോപ്പുകള്‍ കൈറ്റ് വിതരണകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ഉടന്‍ നിര്‍ദേശമുണ്ടാകും. ഇവിടങ്ങളില്‍ ശേഖരിച്ച് ആദിവാസിമേഖലകളില്‍ വിതരണം ചെയ്യാനാണ് പരിപാടി.

ഇതോടൊപ്പം ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ ആദിവാസിമേഖലകളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും ആലോചനയുണ്ട്. ഡിജിറ്റല്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കുട്ടികളെ പര്യാപ്തമാക്കുന്നതിന് എസ്.ടി. പ്രൊമോട്ടര്‍മാരുടെ സേവനവും ഉപയോഗിക്കും. ആവശ്യമെങ്കില്‍ എസ്.ടി. പ്രൊമോട്ടര്‍മാര്‍ക്കും പരിശീലനം നല്‍കും. സ്‌കൂള്‍ തുറക്കാന്‍ സാധ്യതയില്ലാത്തതിനാല്‍, ലാപ്‌ടോപ്പുകള്‍ തിരികെച്ചോദിക്കുന്നതില്‍ എതിര്‍പ്പുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

Content Highlights: Laptops donated to schools will be taken back and given to tribal children, Online class, KITE Victers