തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ രണ്ടും നാലും സെമസ്റ്റർ ക്ലാസുകൾ ഏപ്രിൽ 26-ന് ആരംഭിക്കും. ഓൺലൈനിലായിരിക്കും ക്ലാസുകൾ.

ഈ ക്ലാസുകളുടെ ഷെഡ്യൂൾ ഉടൻ പ്രസിദ്ധീകരിക്കും. ഉയർന്ന സെമസ്റ്ററുകളിലെ ക്ലാസുകൾ മുൻപ് തീരുമാനിച്ചപ്രകാരമുള്ള ഷെഡ്യൂൾ അനുസരിച്ച് തുടരുന്നതായിരിക്കും.

സിൻഡിക്കേറ്റ് സ്റ്റാൻഡിങ് കമ്മിറ്റി (അക്കാദമിക് ആൻഡ് റിസർച്ച്) യുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ക്ലാസുകൾ നടത്താൻ തീരുമാനമെടുത്തത്. മേയ് 15-ന് ശേഷം നിലവിലുള്ള കോവിഡ് -19 സാഹചര്യം അവലോകനം ചെയ്തശേഷം അക്കാദമിക് ഷെഡ്യൂളിലെ മാറ്റങ്ങളും മാറ്റിവെച്ച പരീക്ഷകൾ നടത്താനുള്ള തീരുമാനവും എടുക്കും.

മാറ്റിവെച്ച പരീക്ഷകളുടെ നടത്തിപ്പ് 15 ദിവസത്തിനു മുൻപ് വിദ്യാർഥികളെ അറിയിക്കും. പരീക്ഷകൾക്ക് മുൻപ് വിദ്യാർഥികൾക്ക് പത്തു ദിവസത്തെ ഇടവേള നൽകുമെന്നും സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.

Content Highlights: KTU to start second and fourth-semester classes from April 26