തിരുവനന്തപുരം: എന്‍ജിനിയറിങ് കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതിന് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷന്‍ (എന്‍.ബി.എ) മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കി സാങ്കേതിക ശാസ്ത്ര സര്‍വകലാശാല. നിലവില്‍ ഒരു കോഴ്‌സിനെങ്കിലും എന്‍.ബി.എ. അക്രെഡിറ്റേഷന്‍ ലഭിച്ച കോളേജുകള്‍ക്ക് മാത്രമേ ഇനി പുതിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുവാനുള്ള എന്‍.ഒ.സി നല്‍കൂ. ഇത് സംബന്ധിച്ച് അഫിലിയേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു. 

എന്‍.ബി.എ. അക്രെഡിറ്റേഷന്‍ ലഭിക്കാത്ത കോളേജുകള്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ എ.ഐ.സി.ടി.ഇ നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ക്ക് പുറമേ യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിക്കുന്ന മൂന്ന് മാനദണ്ഡങ്ങള്‍ കൂടി പാലിക്കണം. മുന്‍ വര്‍ഷത്തെ  അവസാനവര്‍ഷ പരീക്ഷയില്‍ കുറഞ്ഞത് അന്‍പതുശതമാനം വിജയം, പകുതിയിലേറെ സീറ്റുകളിലെങ്കിലും വിദ്യാര്‍ഥി പ്രവേശനം, അക്കാഡമിക് ഓഡിറ്റിങ്ങിലെ മികച്ച റാങ്കിങ്  എന്നിവയാണ് യൂണിവേഴ്‌സിറ്റി നിഷ്‌കര്‍ഷിക്കുന്ന അധിക മാനദണ്ഡങ്ങള്‍. 

2020-21 വര്‍ഷം മുതലുള്ള അഫിലിയേഷന്‍ ഫീസ് പുതുക്കി നിശ്ചയിക്കുവാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അഫിലിയേഷന്‍ ഫീസ് കുടിശ്ശിക അടച്ചുതീര്‍ക്കുവാന്‍ ആറുമാസം കൂടി കാലാവധി നീട്ടിനല്‍കുകയും പിഴത്തുക പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. ഈ വര്‍ഷത്തെ അഫിലിയേഷന്‍ നടപടികള്‍ ജൂലൈ 31-ന് മുന്‍പ് പൂര്‍ത്തീകരിക്കുവാനും അഫിലിയേഷന്‍ നേടുന്ന കോളേജുകളുടെ വിശദവിവരങ്ങള്‍  സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചു. 

സര്‍വകലാശാലയുടെ അധീനതയിലുള്ള 138 കോളേജുകളില്‍ 38 എന്‍ജിനിയറിങ് കോളേജുകള്‍ക്ക് മാത്രമേ എന്‍.ബി.എ. അക്രെഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളൂ. എല്ലാ എന്‍ജിനിയറിങ് കോളേജുകള്‍ക്കും അഞ്ച് വര്‍ഷത്തിനകം എന്‍.ബി.എ. അക്രെഡിറ്റേഷന്‍ ഉറപ്പാക്കാനുള്ള സമഗ്ര പദ്ധതിക്ക് രൂപം നല്‍കുവാന്‍ അക്കാദമിക് കൗണ്‍സിലിനെ ചുമതലപ്പെടുത്താനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

Content Highlights: KTU mandates NBA Accreditation for new courses, AICTE