തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ബി.ടെക്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 23 ബ്രാഞ്ചുകളിലായി പരീക്ഷയെഴുതിയ 28,424 വിദ്യാര്‍ഥികളില്‍ 14,743 പേര്‍ വിജയിച്ചു. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന വിജയ ശതമാനമാണിത്. 2019, 2020 വര്‍ഷങ്ങളില്‍ യഥാക്രമം 36.5, 46.5 ശതമാനമായിരുന്നു വിജയം.

ഗവ:, എയ്ഡഡ്, ഗവ. നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളേജുകളുടെ വിജയശതമാനം യഥാക്രമം 68.08, 72.77, 55.46, 46.02 എന്നിങ്ങനെയാണ്. ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് കൂടുതല്‍ കുട്ടികള്‍ വിജയിച്ചത്. വിജയശതമാനം 53.40. പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നില്‍. 11,186 പേരില്‍ 7335 പേരും വിജയിച്ചു. ശതമാനം 65.57. ആണ്‍കുട്ടികളുടെ വിജയശതമാനം 42.97 ശതമാനമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ 939 വിദ്യാര്‍ഥികളില്‍ 262 പേരും (27.9 ശതമാനം) ലാറ്ററല്‍ എന്‍ട്രി വിഭാഗത്തിലെ 1914 പേരില്‍ 570 പേരും (29.78 ശതമാനം) വിജയികളായി. വിജയിച്ച 14,743 പേരില്‍ 3008 വിദ്യാര്‍ഥികള്‍ (20.4 ശതമാനം) ബി.ടെക്. ഓണേഴ്‌സ് ബിരുദത്തിന് അര്‍ഹരായി.

കോവിഡ് സാഹചര്യത്തില്‍ എട്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടന്നത്. കോഴ്‌സ് കാലാവധിക്കുള്ളില്‍ തന്നെ മുന്‍ സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയാണ് ഫലം പ്രസിദ്ധീകരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.എസ്.രാജശ്രീ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Content Highlights: KTU B.Tech result published, 51.86 percent students passed