കോഴിക്കോട്: രണ്ടു പരീക്ഷകള്‍ ഒരേ ദിവസം, അങ്കലാപ്പിലായി അപേക്ഷകര്‍. വിവിധ വിഭാഗങ്ങളിലേക്കുള്ള അധ്യാപക യോഗ്യത പരീക്ഷകളായ കെ-ടെറ്റ്, സെറ്റ് എന്നിവയ്ക്കാണ് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഒരേ തീയതി പ്രഖ്യാപിച്ചത്. ജനുവരി പത്തിനാണ് ഇരു പരീക്ഷകള്‍ക്കും തീയതി നിശ്ചയിച്ചത്. ഇതോടെ കെ-ടെറ്റ്, സെറ്റ് പരീക്ഷകളിലേക്ക് അപേക്ഷ സമര്‍പ്പിച്ച ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ആശയക്കുഴപ്പത്തിലായി.
ഹൈസ്‌കൂള്‍വിഭാഗം വരെയുള്ള അധ്യാപക യോഗ്യതാ പരീക്ഷയാണ് കെടെറ്റ്. വര്‍ഷത്തില്‍ മൂന്നുതവണ കെ-ടെറ്റ് പരീക്ഷ നടക്കും. ജനുവരി, ജൂണ്‍, ഡിസംബര്‍. എന്നാല്‍, കോവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ നടക്കേണ്ട പരീക്ഷ നടന്നില്ല. ഡിസംബറിലെ പരീക്ഷ 28, 29 തീയതികളില്‍ നടക്കുമെന്ന് നേരത്തേ അറിയിപ്പ് വന്നിരുന്നു. ഇതാണ് ജനുവരിയിലേക്ക് നീട്ടിയെന്നു കാണിച്ച് പരീക്ഷാഭവന്റെ വെബ് സൈറ്റില്‍ ഡിസംബര്‍ 16ന് അറിയിപ്പ് പ്രസിദ്ധീകരിച്ചത്.
ജനുവരി പത്തിന് കെ-ടെറ്റ് കാറ്റഗറി മൂന്നിന്റെ പരീക്ഷയാണ്. ഇതില്‍ വിജയിച്ചവര്‍ക്ക് മാത്രമേ പി.എസ്.സി.യുടെ എച്ച്.എസ്.എ. പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കുകയുള്ളൂ. ഈ വര്‍ഷം ജനുവരിയിലാണ് നേരത്തേ കെ-ടെറ്റ് പരീക്ഷ നടന്നത്. അതുകൊണ്ടുതന്നെ ബി.എഡ്. പൂര്‍ത്തിയാക്കിയ ഒരുപാടു പേര്‍ ഈ രണ്ടു പരീക്ഷകള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്കുള്ള അധ്യാപക യോഗ്യത പരീക്ഷയാണ് സെറ്റ്. വര്‍ഷത്തില്‍ രണ്ടു തവണകളിലായാണ് ഈ പരീക്ഷ നടത്തുന്നത്.
എന്നാല്‍, ഈ വര്‍ഷം കോവിഡ് ആയതിനാല്‍ ഇത് വരെ സെറ്റും നടത്തിയിട്ടില്ല. ജനുവരി പത്തിന് തന്നെയാണ് ഈ പരീക്ഷയും നടക്കുന്നത്. പി.എസ്.സി.യുടെ എച്ച്.എസ്.എസ്.ടി. പരീക്ഷയെഴുതാന്‍ സെറ്റ് പരീക്ഷയും നിര്‍ബന്ധമാണ്.
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്
രണ്ടു പരീക്ഷകളും നടത്താന്‍ ഒരേ തീയതിയാണ് പ്രസിദ്ധീകരിച്ചതെന്നു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പരീക്ഷകള്‍ വ്യത്യസ്ത തീയതികളിലായി നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Content Highlights: KTET, SEt exams in same date, applicants under pressure, teachers eligibility test