തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി മേയ് 23 വരെ നീട്ടി. നേരത്തെ മേയ് ആറുവരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷായു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ ഹൈസ്കൂൾ തലംവരെ) എന്നിവയിലെ അധ്യാപക യോഗ്യതാപരീക്ഷയാണ് കെ-ടെറ്റ്.

ഓരോ വിഭാഗത്തിലും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ്, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ https://ktet.kerala.gov.in, www.keralapareekshabhavan.in എന്നിവയിൽ ലഭ്യമാണ്. ഒന്നിലധികം വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓരോന്നിനും 500 രൂപ വീതവും എസ്.സി./എസ്.ടി./പി.എച്ച്./ബ്ലൈന്റ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ, നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം.

ഒന്നോ അതിലധികമോ വിഭാഗങ്ങളിൽ ഒരുമിച്ച് ഒരുതവണമാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല. നോട്ടിഫിക്കേഷനിലുള്ള മാർഗനിർദേശങ്ങൾ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനത്തീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിച്ച് നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം 2020 ഒക്ടോബർ 19ന് ശേഷം എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം.

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ പരീക്ഷാതീയതി വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടില്ല. പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് പരീക്ഷാതീയതി പ്രഖ്യാപിക്കും. അപേക്ഷിക്കാൻ https://ktet.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: K-TET application date extended