ഊർജമേഖലയിലെ വരുംകാലമാറ്റം ഉൾക്കൊണ്ട് വളരാനൊരുങ്ങി വൈദ്യുതിബോർഡ് പുതിയ അക്കാദമി സ്ഥാപിക്കുന്നു. കണ്ണൂരിൽ കെ.എസ്.ഇ.ബി.യുടെ ഭൂമിയിലാകും അക്കാദമി തുടങ്ങുക. പാരമ്പര്യേതര ഊർജത്തിൽ പഠനവും ഗവേഷണവുമാണ് ലക്ഷ്യം.

ഇലക്‌ട്രിക് വാഹനങ്ങൾക്കടക്കമുള്ള ടെസ്റ്റിങ് സെന്റർ, ഊർജമേഖലയിലെ കൺസൾട്ടൻസി എന്നിവയും ലക്ഷ്യമിടുന്നു. ദേശീയതലത്തിൽത്തന്നെ ആദ്യസംരംഭമാണിത്. വിശദപദ്ധതിരേഖ അടക്കമുള്ള അപേക്ഷ കെ.എസ്.ഇ.ബി. സർക്കാരിന് സമർപ്പിച്ചു.

നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ പവർ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി തുടങ്ങിയ സ്ഥാപനങ്ങൾ ദേശീയതലത്തിലുണ്ട്. എന്നാൽ, ഇവിടെയൊന്നും കാര്യമായ ഗവേഷണപദ്ധതികളില്ല. മാത്രമല്ല, പുനരുത്‌പാദന ഊർജത്തിന്റെ കാര്യത്തിൽ അക്കാദമിക യോഗ്യതയുള്ളവരെ കിട്ടാനുമില്ല. മാലിന്യം, മനുഷ്യവിസർജ്യം എന്നിവയിൽനിന്നൊക്കെ വൈദ്യുതി ഉത്‌പാദിപ്പിക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി നടപ്പാക്കാൻ വൈദഗ്ധ്യമുള്ളവർ കുറവാണ്. സൗരോർജം സൂക്ഷിക്കുന്നതിനും ചെലവ് കൂടുതലാണ്. സൗരോർജപദ്ധതികൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനായി ഇക്കാര്യത്തിലും പുതിയ ഗവേഷണം അനിവാര്യമാണ്. ഇതാണ് കെ.എസ്.ഇ.ബി. തന്നെ അക്കാദമിക് കേന്ദ്രം തുടങ്ങാനുള്ള പ്രധാന കാരണം.

തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ സി.ഇ.ടി.സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് മുൻ ഡയറക്ടർ ഡോ. ചന്ദ്രമോഹനനെ ഇതിനുള്ള കൺസൾട്ടൻസിയായി നിയമിച്ചിരുന്നു. ഇദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി. സർക്കാരിനെ സമീപിച്ചത്. കെ.എസ്.ഇ.ബി. കമ്പനിയായതിനാൽ ഇക്കാര്യം നടപ്പാക്കുന്നതിന് മറ്റ് തടസ്സങ്ങളില്ല. എന്നാൽ, നൂറുശതമാനം ഓഹരിയും സർക്കാരിന്റേതായതിനാൽ പദ്ധതിക്ക് സർക്കാർ അനുമതി വേണം.

15 ഏക്കർസ്ഥലത്ത് 30 കോടിരൂപ ചെലവിൽ അക്കാദമി തുടങ്ങാനാകുമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്. വൈദ്യുതവാഹനങ്ങളുടെ ടെസ്റ്റിങ് സ്റ്റേഷൻ, പവർപ്ലാന്റ് ലൈവ് പ്രോജക്ട് എന്നിവയടക്കം സ്ഥാപിക്കുന്നതിന് 50 ഏക്കർ സ്ഥലം വേണ്ടിവരും. ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എനർജി സ്റ്റഡീസ്’ എന്നാണ് ഇതിന് നിർദേശിച്ച പേര്. കണ്ണൂരിൽ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ സ്ഥാപിക്കാനാണ് ആലോചന.

2020-ഓടെ വൈദ്യുതവാഹനങ്ങൾ കൂടുതലായി ഇറങ്ങുമെന്നാണ് കണക്കാക്കുന്നത്. ഈ സാധ്യത ഉപയോഗപ്പെടുത്താനാണ് കെ.എസ്.ഇ.ബി.യുടെ ശ്രമം. എനർജി ഫില്ലിങ് സ്റ്റേഷൻ, ടെസ്റ്റിങ് സ്റ്റേഷൻ എന്നിവ കെ.എസ്.ഇ.ബി. നിയന്ത്രണത്തിൽ തുടങ്ങും. ഈ മേഖലയെക്കുറിച്ച് ഗവേഷണ പദ്ധതികൾക്കുപുറമേ അഞ്ച് സർട്ടിഫിക്കറ്റ് കോഴ്‌സുകളും പി.ജി.കോഴ്‌സും ഉദ്ദേശിക്കുന്നുണ്ട്.

Content Highlights: KSEB plans to start Research Academy for energy conservation