ചെന്നൈ: മലയാളി ഡിസ്‌കസ് ത്രോ താരം കൃഷ്ണാ ജയശങ്കറിന് അമേരിക്കന്‍ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം. ഈ സ്‌കോളര്‍ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഡിസ്‌കസ് ത്രോ താരമാണ് കൃഷ്ണ. കൃഷ്ണയുടെ ഡിസ്‌കസ് ത്രോയിലെ മികവ് പരിഗണിച്ച് എല്‍പാസോയിലെ ടെക്‌സസ് സര്‍വകലാശാലയിലാണ് (യു.ടി.ഇ.പി.) പ്രവേശനം ലഭിച്ചത്.

പഠനത്തിനും പരിശീലനത്തിനുമായി ഒന്നരക്കോടിയോളം രൂപയുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാജ്യത്തെ ഒന്നാം നമ്പര്‍ താരവും ജൂനിയര്‍വിഭാഗത്തില്‍ ഏഷ്യയില്‍ എട്ടാം റാങ്കുകാരിയുമാണ് ഈ 18-കാരി. കൃഷ്ണയുടെ മികവു കണ്ട് യു.ടി.ഇ.പി.യിലെ ഹെഡ് കോച്ച് മൈക്ക് ലാക്‌സനന്‍ സ്‌കോളര്‍ഷിപ്പോടെ അമേരിക്കയില്‍ ഉപരിപഠനം വാഗ്ദാനം ചെയ്യുകയായിരുന്നു. ബാസ്‌കറ്റ്ബോള്‍ താരങ്ങളായ സി. ജയശങ്കര്‍ മേനോന്‍-പ്രസന്ന ദമ്പതിമാരുടെ മകളായ കൃഷ്ണ ഈമാസം അവസാനത്തോടെ അമേരിക്കയിലേക്ക് പോകും.

Content Highlights: Krishna Jayashankar gets admission in American University with a scholarship