ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ്സ് ഫൗണ്ടേഷൻ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന 'വോയിസ് ഓഫ് ഇന്ത്യ' യൂത്ത് കോൺക്ലേവ് സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് നടക്കും. 'ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്' എന്ന വിഷയത്തിൽ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ഉള്ള യുവ സമൂഹം സംസാരിക്കും.
യൂട്യൂബ് ലൈവ് ആയി നടക്കുന്ന പ്രോഗ്രാം സാമൂഹ്യപ്രവർത്തകയും നർമ്മദാ ബച്ചാവോ ആന്തോളന്റെ സ്ഥാപകയുമായ മേധാപട്കർ ഉദ്ഘാടനം ചെയ്യും. ഈ പരിപാടിയിൽ എന്ന പങ്കെടുക്കുന്നവരെല്ലാം സ്വന്തം മാതൃഭാഷയിലാകും തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവെക്കുക. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിൽ നിന്നുകൊണ്ട് 'വൈവിധ്യമാണ് ഇന്ത്യ' എന്ന സന്ദേശം നൽകുകയാണ് പരിപാടിയുടെ ഉദ്ദേശം.
ഹൈബി ഈഡൻ എം.പി, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അക്കായ് പദ്മശാലി, ഐ.ഐ.എം.എസ്.എ.എം ഗുഡ് വിൽ അംബാസിഡർ ആസിഫ് അയൂബ്, എട്ട് വയസുകാരിയായ ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കുംഗുജം, ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ പൈലറ്റ് ആദം ഹാരി, മലയാള സാഹിത്യത്തിലെ ആദ്യത്തെ ട്രാൻസ്ജൻഡർ കവയിത്രി വിജയരാജമല്ലിക എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. കൈറ്റ്സ് ഫൗണ്ടേഷൻ ഡയറക്ടർ രാജശ്രീ പ്രവീൺ, പാർവതി അരുൾ ജോഷി, അഞ്ജന പി.വി തുടങ്ങിയവർ സംസാരിക്കും.
കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന രാജ്യത്തിന് പ്രചോദനം നൽകുവാനും ഭാവി ഇന്ത്യയെക്കുറിച്ചുള്ള യുവ സമൂഹത്തിന്റെ വിവിധ ആശയങ്ങൾ സമൂഹത്തിന് മുൻപിൽ എത്തിക്കാനുമാണ് 'വോയിസ് ഓഫ് ഇന്ത്യ' എന്ന പരിപാടി ലക്ഷ്യം വെക്കുന്നത്.
Content Highlights: KITES foundation conducts voice of India youth conclave on Independence day