തിരുവനന്തപുരം: പൊതുപരീക്ഷയുടെ പശ്ചാത്തലത്തിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലെ 'ഫസ്റ്റ്ബെൽ 2.0' ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ്ടു വിദ്യാർഥികൾക്ക് ശനിയാഴ്ച മുതൽ പ്ലസ് വണ്‍ റിവിഷൻ ക്ലാസുകൾ സംപ്രേഷണം ചെയ്യും. അരമണിക്കൂറുള്ള മൂന്ന് ക്ലാസുകളാകും ദിവസവും നടക്കുക. ഓഗസ്റ്റ് രണ്ടാം വാരത്തോടെ റിവിഷൻ ക്ലാസുകൾ പൂർത്തിയാക്കും. പ്ലസ് വണ്‍ പരീക്ഷയ്ക്കു ശേഷമേ ഇനി പ്ലസ്ടു ക്ലാസുകൾ ആരംഭിക്കൂ.

നിലവിൽ ഒന്നുമുതൽ പത്തുവരെ ക്ലാസുകൾ ഭൂരിഭാഗവും മലയാളത്തിലാണ് സംപ്രേഷണം ചെയ്യുന്നത്. ഇതോടൊപ്പം ഇംഗ്ലീഷ് മീഡിയത്തിലുള്ള ക്ലാസുകളും ശനിയാഴ്ച മുതൽ സംപ്രേഷണം തുടങ്ങും. പൊതുവിഭാഗം ക്ലാസുകൾ കാണുന്ന ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് ഒരു വിഷയത്തിലെ നിശ്ചിത എണ്ണം ക്ലാസുകൾ കണ്ടശേഷം അതിന്റെ സംഗ്രഹം പൂർണമായും ഇംഗ്ലീഷിൽ കാണാനുള്ള അവസരമാണ് ഒരുക്കുന്നത്. തുടക്കമെന്ന നിലയിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള 15 ക്ലാസുകളാണ് സംപ്രേഷണം ആരംഭിക്കുന്നത്.

റിവിഷൻ ക്ലാസുകൾക്കൊപ്പം ഓഡിയോ ബുക്കുകളും തയ്യാറാക്കിയിട്ടുണ്ടെന്നും പൊതുപരീക്ഷയ്ക്കു മുമ്പായി ലൈവ് ഫോൺ ഇൻ ക്ലാസുകൾ നടത്തുമെന്നും കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. ക്ലാസുകളും റിവിഷൻ ക്ലാസുകളും ഓഡിയോ ബുക്കുകളുമെല്ലാം www.firstbell.kite.kerala.gov.in പോർട്ടലിൽ കിട്ടും.

Content Highlights: KITE Victers to start Plus one revision classes and English medium classes, First Bell