തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെൽ' ഡിജിറ്റൽ ക്ലാസുകളിൽ പത്ത്, പ്ലസ്ടു ക്ലാസുകൾക്കുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ച പൂർത്തിയാക്കും. ഈ ക്ലാസുകൾ ഓഡിയോ ബുക്കുകളായും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ ഫസ്റ്റ്ബെല്ലിൽ പ്ലസ് വണ്ണിന് ആറും എട്ട്, ഒൻപത് ക്ലാസുകൾക്ക് മൂന്നുവീതം ക്ലാസുകൾ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. പ്ലസ്വൺ ക്ലാസുകൾ രാവിലെ എട്ടുമണി മുതലും എട്ട്, ഒൻപത് ക്ലാസുകൾ യഥാക്രമം മൂന്നിനും 4.30-നും സംപ്രേഷണം ആരംഭിക്കും. പ്രീപ്രൈമറി മുതൽ ഏഴുവരെ ക്ലാസുകളുടെ സംപ്രേഷണം നിലവിലുള്ള സമയത്തായിരിക്കും.
പത്ത്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികൾക്ക് സംശയനിവാരണം കൈറ്റ് വിക്ടേഴ്സിൽ ഫോൺ ഇൻ രൂപത്തിൽ ഫെബ്രുവരി അവസാനവാരം ലൈവായി നടത്താനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസുകളും firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.
Content Highlights: KITE Victers Revision classes ended new timetable will be available soon