തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പ് കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണംചെയ്യുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണസമയത്തില്‍ തിങ്കള്‍മുതല്‍ മാറ്റം. പ്ലസ് ടു, അങ്കണവാടി ക്ലാസുകളുടെ സമയത്തിലാണ് മാറ്റം.

രാവിലെ 8.30 മുതല്‍ 10.30 വരെ സംപ്രേഷണംചെയ്തിരുന്ന പ്ലസ്ടു ക്ലാസുകള്‍ ഇനി എട്ടുമുതല്‍ പത്തുവരെ ആയിരിക്കും. അങ്കണവാടി കുട്ടികള്‍ക്ക് വനിതാ-ശിശു വികസനവകുപ്പും കൈറ്റും ചേര്‍ന്ന് നിര്‍മിക്കുന്ന കിളിക്കൊഞ്ചല്‍ ക്ലാസുകള്‍ തിങ്കളാഴ്ചമുതല്‍ രാവിലെ 10 -ന് ആയിരിക്കും.

കൊച്ചുകുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സമയം ക്രമീകരിക്കണമെന്ന അഭ്യര്‍ഥനമാനിച്ചാണ് മാറ്റംവരുത്തിയതെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. യോഗ, ഡ്രില്‍, മോട്ടിവേഷന്‍ തുടങ്ങിയ പൊതു ക്ലാസുകള്‍ സംപ്രേഷണംചെയ്യുന്ന മുറയ്ക്ക് ഈ സമയക്രമങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരാം.

Content Highlights: KITE VICTERS online class schedule to be changed from Monday