തിരുവനന്തപുരം: തൃശ്ശൂര്‍, തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ കൂട്ടത്തോല്‍വി അന്വേഷിക്കാന്‍ ആരോഗ്യ സര്‍വകലാശാലാ തീരുമാനം. പഠനസൗകര്യമില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ട വര്‍ക്കല എസ്.ആര്‍. മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ് എന്നിവയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയയ്ക്കാനും സര്‍വകലാശാലാ ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു.

എം.ബി.ബി.എസ്. അവസാനവര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 22 വിദ്യാര്‍ഥികളെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ 17 വിദ്യാര്‍ഥികളെയും മനഃപൂര്‍വം തോല്പിച്ചുവെന്നാണ് പരാതി. തിരുവനന്തപുരത്ത് മെഡിസിനും തൃശ്ശൂരില്‍ പീഡിയാട്രിക്സിനുമാണ് തോല്‍വി. ഇതുസംബന്ധിച്ച് വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ അഡ്ജുഡിക്കേഷന്‍ കമ്മിറ്റിക്കും ആരോഗ്യ സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. ഈ കോളേജുകളിലെ ആരോപണവിധേയരായ അധ്യാപകരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താനാണ് തീരുമാനം.

പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലാ അഡ്ജുഡിക്കേഷന്‍ സമിതി നേരത്തേ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് ശരിയായ രീതിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും വെട്ടിത്തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്നും തോറ്റതിന് മതിയായ കാരണം രേഖപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു കണ്ടെത്തല്‍. ഇത് ഗവേണിങ് കൗണ്‍സില്‍ വിലയിരുത്തിയശേഷമാണ് അധ്യാപകരെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്.

കഴിഞ്ഞദിവസം സര്‍വകലാശാല നടത്തിയ മിന്നല്‍പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വര്‍ക്കല എസ്.ആര്‍. മെഡിക്കല്‍ കോളേജിന് നോട്ടീസ് അയയ്ക്കുക. കോളേജിന്റെ ആശുപത്രിയില്‍ ഒരു രോഗിപോലും ഉണ്ടായിരുന്നില്ലെന്നും അധ്യാപകരില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഫിലിയേഷന്‍ റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ കോളേജിനോട് ആവശ്യപ്പെടുക. കഴിഞ്ഞ രണ്ടുവര്‍ഷവും ഈ കോളേജിന് പ്രവേശനാനുമതി ലഭിച്ചിരുന്നില്ല. 2016-17 ബാച്ചിലെ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തുള്ളത്.

പാലക്കാട് കേരള മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളും ഇതേ സാഹചര്യത്തിലാണെന്ന് കൗണ്‍സില്‍ വിലയിരുത്തി. ഇവരെ 13 സ്വാശ്രയ കോളേജുകളിലേക്ക് മാറ്റാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സിലിന്റെയും കോടതിയുടെയും തുടര്‍നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി.

ഇന്റേണല്‍ പരീക്ഷാ ഡ്യൂട്ടിക്ക് അധ്യാപകരെ അയയ്ക്കാത്ത മെഡിക്കല്‍ കോളേജുകളില്‍നിന്ന് ഒരുലക്ഷം രൂപയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍നിന്ന് 50,000 രൂപയും പിഴ ഈടാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം കൗണ്‍സില്‍ തള്ളി. സ്വാശ്രയ കോളേജുകളിലെ സൗകര്യങ്ങളില്‍ പുനഃപരിശോധന ആവശ്യമുള്ളപക്ഷം 20,000 രൂപ ഫീസ് ഈടാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.

Content Highlights: KHU to probe failure of MBBS students of Thiruvananthapuram and Thrissur Medical Colleges