തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ ലയനം സംബന്ധിച്ച ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ തുടര്‍ഘട്ടം പ്രത്യേക പാക്കേജായി നടപ്പാക്കുന്ന കാര്യം പരിഗണിക്കും. ഏകീകരണം സംബന്ധിച്ച് സ്‌പെഷ്യല്‍ റൂള്‍ തയ്യാറാക്കുമെന്നും ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ മന്ത്രി വി. ശിവന്‍കുട്ടി അധ്യാപക സംഘടനകളെ അറിയിച്ചു. ലയനത്തിനുശേഷമുള്ള ഉദ്യോഗസ്ഥരുടെ അധികാരവും ഓഫീസ് ഘടനയും സംബന്ധിച്ച് സ്‌പെഷ്യല്‍ റൂളില്‍ വ്യക്തതവരുത്തും.

എയ്ഡഡ് സ്‌കൂള്‍ നിയമനം, സ്റ്റാഫ് ഫിക്‌സേഷന്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം ഉടന്‍ പൂര്‍ത്തിയാക്കും.

പൊതുവിദ്യാഭ്യാസരംഗത്തെ ഏകീകരണം, ഹയര്‍സെക്കന്‍ഡറി പരീക്ഷാ മാന്വല്‍ പരിഷ്‌കരണം എന്നിവ സംബന്ധിച്ചാണ് അധ്യാപക സംഘടനകളുമായി മന്ത്രി ചര്‍ച്ച നടത്തിയത്.

പ്രതിപക്ഷ അധ്യാപക സംഘടനകള്‍ യോഗം ബഹിഷ്‌കരിച്ചു. ബുധനാഴ്ച എയ്ഡഡ് സ്‌കൂള്‍മാനേജര്‍മാരുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തുന്നുണ്ട്.

ഹയര്‍സെക്കന്‍ഡറി പരീക്ഷ തോല്‍ക്കുന്ന വിദ്യാര്‍ഥികള്‍ രണ്ടുവര്‍ഷത്തെ പേപ്പറുകളും എഴുതണമെന്ന നിര്‍ദേശത്തിനു മാറ്റംവരുത്തും. ഏതെങ്കിലും ഒരുവര്‍ഷത്തെ പേപ്പര്‍ എഴുതി വിജയിച്ചാല്‍ മതിയാകുമെന്ന പുതുക്കിയ പരീക്ഷാ മാന്വലിലെ നിര്‍ദേശത്തിന് ചര്‍ച്ചയില്‍ അംഗീകാരമായി. ആവശ്യമെങ്കില്‍ രണ്ടുവര്‍ഷത്തെ പേപ്പറുകള്‍ എഴുതാനും തടസ്സമില്ല. പുനര്‍മൂല്യനിര്‍ണയത്തില്‍ ഒരു മാര്‍ക്ക് കൂടിയാല്‍പ്പോലും പരിഗണിക്കണമെന്ന നിര്‍ദേശവും അംഗീകരിച്ചിട്ടുണ്ട്.
നേരത്തേ 10 ശതമാനം വ്യത്യാസംമാത്രമാണ് പരിഗണിച്ചിരുന്നത്. പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണമെന്ന നിബന്ധനയിലും മാറ്റംവരും. മതിയായ കാരണമുണ്ടെങ്കില്‍ 50 ശതമാനം ഹാജരുള്ളവരെയും അനുവദിക്കും. ഇവര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി നേടണം.

Content Highlights: Khader committe special Report