തിരുവനന്തപുരം: വ്യാജ ബിരുദങ്ങള്‍ റദ്ദാക്കുന്നതിനുള്ള ചട്ടനിര്‍മാണത്തിനൊരുങ്ങി കേരള സര്‍വകലാശാല. ഇതിനായി 26-ന് പ്രത്യേക സെനറ്റ് യോഗം വിളിച്ചു. രണ്ടുവര്‍ഷം മുന്‍പ് 23 വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുന്നതിനു വേണ്ടിയാണ് പുതിയ ചട്ടം നിര്‍മിക്കുന്നതെന്നാണ് വിവരം.

2019-ലാണ് തോറ്റ 23 വിദ്യാര്‍ഥികളെ പരീക്ഷാവിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ അനര്‍ഹമായി മാര്‍ക്ക് നല്‍കി ബി.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷ വിജയിപ്പിച്ചത്. സ്ഥലം മാറിപ്പോയ പരീക്ഷാവിഭാഗത്തിലെ ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐ.ഡി.യും പാസ്‌വേഡും ഉപയോഗിച്ചാണ് തിരിമറി നടന്നത്.

തുടര്‍ന്ന് ഡെപ്യൂട്ടി രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരു സെക്ഷന്‍ ഓഫീസറെ പിരിച്ചുവിടുകയുമുണ്ടായി. സംഭവം നടന്ന് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനോ തിരിച്ചുവാങ്ങാനോ സര്‍വകലാശാല തയ്യാറാകാത്തത് പരാതികള്‍ക്കിടയാക്കിയിരുന്നു.

അതേസമയം, ബിരുദം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച 23 വിദ്യാര്‍ഥികളെ സഹായിക്കുന്നരീതിയിലാകും പുതിയ ചട്ടനിര്‍മാണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ആരോപിച്ചു.

വ്യാജമായി തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ ഏപ്പോള്‍ വേണമെങ്കിലും റദ്ദാക്കാനുള്ള അവകാശം സര്‍വകലാശാലകള്‍ക്കുണ്ട്. പുതിയ ചട്ടം വന്നാലും മുന്‍കാല പ്രാബല്യമുണ്ടാകില്ല.

ഇതു കോടതിയില്‍ വ്യാജ ബിരുദം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുകൂല ഘടകമാകുമെന്നും കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്.ശശികുമാര്‍, സെക്രട്ടറി എം.ഷാജര്‍ഖാന്‍ എന്നിവര്‍ ആരോപിച്ചു.

Content Highlights: Kerala University to make rules for cancellation of fake degrees