തിരുവനന്തപുരം: കേരള സര്‍വകാലാശാലയുടെ കീഴിലെ സ്വാശ്രയ സ്ഥാപനങ്ങളില്‍ അധ്യാപക നിയമനത്തിന് കാര്യക്ഷമതാ പരിശോധന ഏര്‍പ്പെടുത്തുന്നു. നിലവിലെ അധ്യാപരും പുതിയ അഭിമുഖത്തില്‍ പങ്കെടുക്കണം. ബുധനാഴ്ച മുതല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് അഭിമുഖം നടത്തുന്നത്.

സര്‍വകലാശാല നേരിട്ടു നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലാണ് പെര്‍ഫോമന്‍സ് അപ്രൈസല്‍ നടത്തുന്നത്. 1200-ലധികം അധ്യാപകരാണ് വിവിധ സ്ഥാപനങ്ങളിലായുള്ളത്. എല്ലാവര്‍ഷവും ഇവരുടെ കരാര്‍ പുതുക്കുകയാണ് ചെയ്തിരുന്നത്. ഇത്തവണ അപ്രൈസല്‍ സ്വീകരിച്ച് അഭിമുഖം നടത്തി അധ്യാപകരെ തിരഞ്ഞെടുക്കാനാണ് തീരുമാനം.

അതേസമയം പരീക്ഷകള്‍പോലും മാറ്റിവെച്ച് ലോക്ഡൗണ്‍ സമയത്ത് അഭിമുഖം നടത്തുന്നതിനെതിരെ അധ്യാപകര്‍ രംഗത്തെത്തി. സര്‍വകലാശാല സ്റ്റാറ്റ്യൂട്ടിൽ പോലും ഇത്തരമൊരു പെര്‍ഫോമന്‍സ് ടെസ്റ്റിങിനെക്കുറിച്ച് പറയുന്നില്ലെന്ന് അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു. 25 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള അധ്യാപകര്‍ക്കുപോലും അഭിമുഖത്തില്‍ പങ്കെടുക്കേണ്ടിവരുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പറയുന്നു.

Content Highlights: Kerala University to Conduct Efficiency Test for Recruiting Teachers in Self Financing Institutions