തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തു കേസിലെ പ്രതിയായ മുൻ എസ്.എഫ്.ഐ. നേതാവ് അപേക്ഷ സമർപ്പിക്കാതെയും ഹാൾടിക്കറ്റ് കൂടാതെയും എഴുതിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാൻ സർവകലാശാല. പരീക്ഷാവിഭാഗം ക്രമക്കേട് കണ്ടെത്തി തടഞ്ഞുവച്ച ഫലമാണ് ഒന്നുകൂടി പരീക്ഷ എഴുതാനുള്ള അപേക്ഷ വാങ്ങി ക്രമവത്‌കരിക്കാൻ വൈസ് ചാൻസലർ നിർദ്ദേശിച്ചിട്ടുള്ളത്.

ബി.എ. ഇംഗ്ലീഷ് അവസാനവർഷ വിദ്യാർഥിയായ ആരോമലിന്റെ ആറാം സെമസ്റ്റർ പരീക്ഷയുടെ അപേക്ഷ പ്രിൻസിപ്പൽ യൂണിവേഴ്‌സിറ്റിക്ക് അയച്ചില്ല. ഹാജർ ഇല്ലാത്തതുകൊണ്ടാണ് അപേക്ഷ അയക്കാത്തതെന്നാണ് ആദ്യം കോളേജ് അധികൃതർ പറഞ്ഞിരുന്നത്. ഇന്റേണൽ മാർക്കിൽ ഹാജരിന് നൽകേണ്ട മാർക്ക് പൂജ്യമാണ് നൽകിയത്. അപേക്ഷ കോളേജ് അയക്കാത്തതിനാൽ ഹാൾടിക്കറ്റ് സർവകലാശാലയും നൽകിയില്ല. എന്നാൽ ഹാൾടിക്കറ്റില്ലാത്ത വിദ്യാർഥിയെ പരീക്ഷ എഴുതാൻ കോളേജ് അധികൃതർ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ അക്കാദമിക് വർഷത്തിന്റെ അവസാനമായിരുന്നു സംഭവം.

തുടർന്ന് ഈ വർഷം ആദ്യമായാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കളുടെ നേതൃത്വത്തിൽ എസ്.എഫ്.ഐ. പ്രവർത്തകനായ അഖിലിനെ കുത്തിയത്. തുടർന്ന് ആരോമൽ അടക്കമുള്ളവർ ഒളിവിലിരുന്നശേഷം പോലീസിൽ കീഴടങ്ങുകയായിരുന്നു.

ഹാൾ ടിക്കറ്റ് ഇല്ലാതെ തന്നെ പരീക്ഷ എഴുതിയ വിദ്യാർഥിയുടെ ഉത്തരക്കടലാസ് കോളേജിൽ നിന്നും മൂല്യ നിർണയത്തിന് സർവകലാശാലയ്ക്ക് അയച്ചു. ഉത്തരക്കടലാസിന്റെ മൂല്യനിർണയം നടത്തിയെങ്കിലും വിദ്യാർഥിയുടെ പരീക്ഷാഫലം സർവകലാശാല തടഞ്ഞുവച്ചു. തുടർന്ന് ഹാജരില്ലായെന്നു നേരത്തെ റിപ്പോർട്ട് ചെയ്തത് പിശകാണെന്നും മതിയായ ഹാജർ ഉണ്ടെന്നും പ്രിൻസിപ്പൽ ഇപ്പോൾ സർവകലാശാലയെ അറിയിച്ചിരിക്കുകയാണ്. ഹാജർ ഇല്ലാത്ത, അപേക്ഷ പോലും നൽകാത്ത ഈ വിദ്യാർഥിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുള്ള സർവകലാശാല തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

Content Highlights: Kerala University to Allow Accused SFI Leader to Write Semester Exam