തിരുവനന്തപുരം: ഗവേഷണ പ്രബന്ധങ്ങളുടെ മൂല്യനിര്‍ണയത്തിന് രാജ്യത്തിനു പുറത്തുനിന്നുള്ള ഒരു മൂല്യപരിശോധകന്‍ വേണമെന്ന യു.ജി.സി. നിര്‍ദേശം കേരള സര്‍വകലാശാല ഒഴിവാക്കാന്‍ ആലോചിക്കുന്നു. 2016 മുതല്‍ പിഎച്ച്.ഡി.ക്ക് പ്രവേശനം നേടിയവരുടെ പ്രബന്ധങ്ങള്‍ മൂല്യനിര്‍ണയം നടത്തുമ്പോള്‍ പുറത്തുനിന്നുള്ള രണ്ട് മൂല്യപരിശോധകരില്‍ ഒരാള്‍ വിദേശത്തുനിന്നായിരിക്കണമെന്നാണ്. ഭാഷാ വിഷയങ്ങളിലെ ഗവേഷണ പ്രബന്ധങ്ങളുടെ മൂല്യനിര്‍ണയത്തില്‍ നേരിടുന്ന അപ്രായോഗികതകൂടി കണക്കിലെടുത്താണ് കേരള സര്‍വകലാശാലയുടെ നീക്കം. അടുത്ത അക്കാദമിക് കൗണ്‍സില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

2016-ല്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ പ്രബന്ധങ്ങള്‍ ഇക്കൊല്ലം ഫെബ്രുവരി മുതല്‍ സര്‍വകലാശാലയില്‍ മൂല്യനിര്‍ണയത്തിന് എത്തിത്തുടങ്ങി. മൂല്യനിര്‍ണയം സംബന്ധിച്ച തീരുമാനമാവാത്തതിനാല്‍ അവ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. വിദേശ മൂല്യപരിശോധകനെ ഒഴിവാക്കി പഴയ രീതിയില്‍ത്തന്നെ മൂല്യനിര്‍ണയം നടത്താനാണു ശ്രമിക്കുന്നത്. എന്നാല്‍, യു.ജി.സി. മാര്‍ഗനിര്‍ദേശം പുറത്തുവന്ന ശേഷവും ഇത്തരത്തില്‍ മൂല്യനിര്‍ണയം നടന്നാല്‍ തങ്ങളുടെ പിഎച്ച്.ഡി.ക്ക് മറ്റിടങ്ങളില്‍ അംഗീകാരം ലഭിക്കുമോയെന്ന സംശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്കുണ്ട്.

1996-നു മുമ്പ് വിദേശ മൂല്യനിര്‍ണയം എന്ന സംവിധാനം നിലനിന്നിരുന്നു. അത് പിന്നീട് ഒഴിവാക്കുകയായിരുന്നു. കേരള സര്‍വകലാശാലയ്ക്കു കീഴില്‍ നടക്കുന്ന ഗവേഷണങ്ങളില്‍ പലതും പ്രാദേശിക വിഷയങ്ങളും ഭാഷാ വിഷയങ്ങളും ഉള്‍പ്പെട്ടതാണ്. സര്‍വകലാശാല അനുയോജ്യമായ തീരുമാനങ്ങളെടുക്കാത്തതിനാല്‍ പിഎച്ച്.ഡി പ്രബന്ധങ്ങള്‍ അംഗീകരിക്കുന്നതില്‍ സമയക്രമം പാലിക്കാനാകുന്നില്ലെന്ന ആക്ഷേപമുണ്ട്. യു.ജി.സി. അനുവദിക്കുന്ന സമയം കഴിഞ്ഞാലും മൂല്യനിര്‍ണയം പൂര്‍ത്തിയാകുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

Content Highlights: Kerala university to eliminate foreign evaluator for PhD thesis