പത്തോ പതിനഞ്ചോ ദിവസം മാത്രം ക്ലാസ് നടത്തിയശേഷം ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷ പ്രഖ്യാപിച്ച് കേരള സര്‍വകലാശാല. ബി.എ., ബി.എസ്സി., ബി.കോം വിദ്യാര്‍ഥികള്‍ക്കാണ് പഠിപ്പ് തുടങ്ങിയപ്പോഴേ സര്‍വകലാശാല പരീക്ഷാതീയതി പ്രഖ്യാപിച്ചത്. ഏപ്രില്‍ 15 മുതല്‍ 23 വരെയാണ് ആറാം സെമസ്റ്റര്‍ പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷകള്‍ക്കിടയില്‍ ഒരു ദിവസത്തെ ഇടവേളയേയുള്ളൂ.

ഇവരുടെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ അവസാനിച്ചത് മാര്‍ച്ച് പകുതിയോടെയാണ്. ബി.എസ്സി. മൈക്രോബയോളജി വിദ്യാര്‍ഥികളുടെ അഞ്ചാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായത് മാര്‍ച്ച് 22-നാണ്. ജനുവരിയില്‍ ആറാം സെമസ്റ്റര്‍ ക്ലാസ് തുടങ്ങിയെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി.

തിരഞ്ഞെടുപ്പ് ക്ലാസുകള്‍, മൂല്യനിര്‍ണയം, വാക്‌സിനേഷന്‍ എന്നിങ്ങനെ അധ്യാപകര്‍ മറ്റ് തിരക്കുകളില്‍പ്പെട്ടു. രണ്ട്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകളും ഇതിനിടയില്‍ വന്നു. ഓണ്‍ലൈനും ഓഫ്ലൈനും ചേര്‍ത്ത് 10-15 ദിവസത്തെ ക്ലാസുകളേ കുട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളൂ. ചില കോളേജുകളില്‍ ഒരു ക്ലാസ് പോലും ലഭിച്ചിട്ടില്ലാത്ത വിഷയങ്ങളുമുണ്ട്.

ഏറ്റവും കൂടുതല്‍ പാഠഭാഗങ്ങള്‍ ആറാം സെമസ്റ്ററിലാണ് ക്രമീകരിച്ചിരിക്കുന്നത്. 90 ദിവസത്തെ ക്ലാസ് ലഭിച്ചാലേ പാഠഭാഗങ്ങള്‍ നന്നായി പഠിപ്പിക്കാന്‍ കഴിയൂ. സമരങ്ങളും മറ്റു തടസ്സങ്ങളുമുണ്ടായാലും 60-75 ദിവസത്തെ ക്ലാസ് സാധാരണയായി ലഭിക്കാറുണ്ട്. നാലിലൊന്ന് പാഠഭാഗങ്ങള്‍പോലും പഠിപ്പിക്കാതെ പരീക്ഷ പ്രഖ്യാപിച്ചതില്‍ അധ്യാപകരും പ്രതിഷേധത്തിലാണ്. തിരഞ്ഞെടുപ്പുതിരക്കായതിനാല്‍ സ്‌പെഷ്യല്‍ ക്ലാസ് പോലും നടത്താനാവില്ലെന്ന് അവര്‍ പറയുന്നു.

Content Highlights: Kerala University Graduation exams