കായംകുളം: മൂല്യനിര്‍ണയത്തിനായി കൊണ്ടുവന്ന ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ വീട്ടില്‍വെച്ച് കത്തിനശിച്ചെന്ന് അധ്യാപിക. കായംകുളം എം.എസ്.എം.കോളേജിലെ അധ്യാപിക അനുവാണ് 38 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കത്തിനശിച്ചതായി പോലീസിനെ അറിയിച്ചത്.

കേരള സര്‍വകലാശാല അടുത്തിടെ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്സി. രസതന്ത്രം പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കത്തിനശിച്ചത്. ലോക്ഡൗണായതിനാല്‍ അധ്യാപകര്‍ വീട്ടിലാണ് മൂല്യനിര്‍ണയം നടത്തുന്നത്. വീട്ടില്‍ ടേബിള്‍ ലാമ്പിന്റെ വെളിച്ചത്തില്‍ ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്നതിനിടയില്‍ ആഹാരം കഴിക്കാനായി മുറിവിട്ട് പോയി. അപ്പോഴാണ് ഉത്തരക്കടലാസിന് തീപിടിച്ചതെന്നാണ് അധ്യാപിക പറയുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ ഉത്തരക്കടലാസ് നഷ്ടമായ വിദ്യാര്‍ഥികള്‍ക്കായി അടിയന്തരമായി പുനര്‍പരീക്ഷ നടത്തുകയാണ് നടപടിക്രമമെന്ന് കേരള സര്‍വകലാശാലാ വൃത്തങ്ങള്‍ അറിയിച്ചു. മറ്റുള്ളവര്‍ക്കൊപ്പംതന്നെ ഇവരുടെയും ഫലപ്രഖ്യാപനവുമുണ്ടാകും.

Content Highlights: Kerala University Degree Answer sheets burned while valuation