ന്യൂഡല്‍ഹി: പ്ലസ്‌വണ്‍ പരീക്ഷ നടത്താന്‍തന്നെയാണ് തീരുമാനമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏപ്രിലില്‍ നടത്തിയെന്നും സര്‍ക്കാര്‍ പറഞ്ഞു. സെപ്റ്റംബറില്‍ പ്ലസ്‌വണ്‍ പരീക്ഷ നടത്താനുള്ള കേരളത്തിന്റെ തീരുമാനത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവിറക്കും. 

വിവിധ സംസ്ഥാനബോര്‍ഡുകളുടെ പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ റദ്ദാക്കണമെന്ന ഹര്‍ജിക്കിടെയാണ് കേരളത്തിലെ പതിനൊന്നാംക്ലാസ് പരീക്ഷയുടെ വിഷയവുമെത്തിയത്. പ്ലസ്‌വണ്‍ പരീക്ഷയും യോഗ്യത കണക്കാക്കാന്‍ ആവശ്യമാണെന്നും റദ്ദാക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും കേരളം വ്യക്തമാക്കി.

ആറുസംസ്ഥാനങ്ങള്‍ അവരുടെ പന്ത്രണ്ടാംക്ലാസ് പരീക്ഷ നടത്തിക്കഴിഞ്ഞു. ആന്ധ്രാപ്രദേശ് ഒഴികെയുള്ള ബാക്കി സംസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കുകയും ചെയ്തു. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്ലസ്ടു പരീക്ഷ നടത്താനാണ് തീരുമാനമെന്ന് ആന്ധ്ര അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ സുപ്രീംകോടതി ആശങ്കയറിയിച്ചു. ഒരാള്‍ക്കെങ്കിലും കോവിഡ് ബാധിച്ച് ആപത്ത് സംഭവിച്ചാല്‍ സംസ്ഥാന സര്‍ക്കാരാകും അതിന് ഉത്തരവാദിയെന്ന് സുപ്രീംകോടതി ആന്ധ്രയ്ക്ക് മുന്നറിയിപ്പ് നല്‍കി. 

അഞ്ചുലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതാനുള്ളതെന്നും ഒരു ഹാളില്‍ 15 പേരെ മാത്രമേ ഇരുത്തുകയുള്ളൂവെന്നും ആന്ധ്ര പറഞ്ഞു. തുടര്‍ന്ന് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ച സുപ്രീംകോടതി ആന്ധ്രയോട് ഇക്കാര്യത്തില്‍ മറുപടി ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.

Content Highlights: Kerala to conduct Plus One exam; The decision of the Supreme Court will be announced later