തിരുവനന്തപുരം: എ.പി.ജെ  അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2016 ഓഗസ്റ്റ് ഒന്നാംതീയതി ക്ലാസുകള്‍ ആരംഭിച്ച ബി.ടെക് രണ്ടാം ബാച്ചിന്റെ അവസാനസെമെസ്റ്റര്‍ പരീക്ഷകള്‍ 2020 ഓഗസ്റ്റ് 20-നാണ് പൂര്‍ത്തീകരിച്ചത്. കോവിഡ് വ്യാപനം മൂലം അവസാന വര്‍ഷ പരീക്ഷകള്‍ 40 ദിവസത്തിലേറെ മാറ്റിവെയ്ക്കേണ്ടിവന്നുവെങ്കിലും സമയബന്ധിതമായി ഫലം പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞുവെന്ന് വൈസ് ചാന്‍സലര്‍ ഡോ.എം.എസ്.രാജശ്രീ അഭിപ്രായപ്പെട്ടു. 

23 വിവിധ എന്‍ജിനീയറിംഗ് ബ്രാഞ്ചുകളിലായി 38002 വിദ്യാര്‍ത്ഥികളാണ് 2016-ല്‍ ഒന്നാം സെമെസ്റ്ററില്‍ ഈ ബാച്ചില്‍ പ്രവേശനം നേടിയിരുന്നത്. ഇതില്‍ 145 എന്‍ജിനീയറിംഗ് കോളേജുകളിലായി 32645 വിദ്യാര്‍ഥികളാണ് അവസാനവര്‍ഷ പരീക്ഷയെഴുതുവാന്‍ അര്‍ഹരായത്. എട്ട് സെമെസ്റ്ററുകള്‍ക്കിടെ 5357  വിദ്യാര്‍ത്ഥികള്‍ താഴ്ന്ന സെമെസ്റ്ററുകളിലേക്ക് മാറ്റപ്പെടുകയോ മറ്റ് കോഴ്‌സുകളിലേക്ക് മാറുകയോ ചെയ്തിട്ടുണ്ട്. പരീക്ഷയെഴുതിയ 34416 വിദ്യാര്‍ഥികളില്‍ 16017 പേര്‍ വിജയിച്ചു; വിജയശതമാനം 46.53. ഗവണ്മെന്റ്, ഗവണ്മെന്റ് എയ്ഡഡ്, ഗവണ്മെന്റ് നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളേജുകളുടെ വിജയശതമാനം യഥാക്രമം 62.93, 65, 50.06, 41.60 ആണ്. പ്രധാന ബ്രാഞ്ചുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം 52.64. പ്രധാന ശാഖകളായ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, സിവില്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ യഥാക്രമം 50, 49, 47, 38 ആണ് വിജയശതമാനം. 

എറണാകുളം മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, എറണാകുളം രാജഗിരി കോളേജ് എന്നിവരാണ് വിജയശതമാനത്തില്‍ മുന്നില്‍. വിജയശതമാനം യഥാക്രമം 80.85, 76.86, 75.26.  ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ കോളേജുകളായ കൊല്ലം ടി.കെ.എം (781), എറണാകുളം രാജഗിരി (764), കോട്ടയം അമല്‍ജ്യോതി(693) എന്നിവയ്ക്ക് 64.51, 75.26, 59.31 വിജയശതമാനമുണ്ട്.

പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നില്‍. 13694 പേരില്‍ 8515 പേരും വിജയിച്ചു; ശതമാനം 62.18.  എന്നാല്‍ പരീക്ഷയെഴുതിയ 20722 ആണ്‍കുട്ടികളുടെ വിജയശതമാനം 36.2 മാത്രം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ 1225 വിദ്യാര്‍ത്ഥികളില്‍ 275 പേരും ലാറ്ററല്‍ എന്‍ട്രി വിഭാഗത്തിലെ 2246 വിദ്യാര്‍ത്ഥികളില്‍ 901 പേരും വിജയികളായി. സര്‍വ്വകലാശാലയുടെ കീഴിലുള്ള 145 കോളേജുകളില്‍ 35 കോളേജുകള്‍ക്ക് എന്‍.ബി.എ. അക്രെഡിറ്റേഷന്‍ ലഭിച്ചിട്ടുണ്ട്. ഈ കോളേജുകളില്‍ നിന്നും പരീക്ഷയെഴുതിയ 15342 വിദ്യാര്‍ത്ഥികളില്‍ 8994 പേര്‍ വിജയിച്ചു. വിജയശതമാനം 56.15. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ 11 ശതമാനം കൂടുതലാണ്.

നാലാം സെമെസ്റ്റര്‍വരെ എട്ടിനുമുകളില്‍ ഗ്രേഡ് ലഭിക്കുകയും അധികമായി രണ്ട് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഉള്‍പ്പടെ നാല് വിഷയങ്ങളില്‍ 12 ക്രെഡിറ്റ് നേടുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്കാണ് ബിടെക് ഹോണേഴ്സ് ബിരുദം ലഭിക്കുന്നത്. ഇത്തവണ വിജയിച്ച 16017 പേരില്‍ 1286 വിദ്യാര്‍ത്ഥികള്‍ ബി.ടെക് ഹോണോഴ്‌സ് ബിരുദത്തിന് അര്‍ഹരായി.കൊല്ലം ടി.കെ.എം ല്‍ നിന്നും 181 പേരും, കോട്ടയം അമല്‍ജ്യോതിയില്‍ നിന്നും 114 പേരും, കോതമംഗലം എം.എ കോളേജില്‍ നിന്നും 112 പേരും ഹോണേഴ്സ് ബിരുദം നേടി.

തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ വിദ്യാര്‍ഥി അഖില്‍ പി മോഹന്‍, കോതമംഗലം എം.എ. കോളേജ് മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി അലക്‌സാണ്ടര്‍ ജോസഫ് വി പോള്‍, കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ വിദ്യാര്‍ത്ഥിനി ആയിഷ എസ് അഹമ്മദ് എന്നിവര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിച്ചത്. ഇവരുടെ ഗ്രേഡുകള്‍ യഥാക്രമം 9.94, 9.85, 9.84 ആണ്.

വിജയശതമാനത്തിനപ്പുറം, വിദ്യാര്‍ത്ഥികളുടെ പഠനമികവിനെ ആധാരമാക്കിയുള്ള അക്കാഡമിക് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സും നാഷണല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷന്റെ മാതൃകയില്‍ കണക്കാക്കിയിട്ടുണ്ട്. ഓരോ കോളേജുകളിലെയും വിജയിച്ച വിദ്യാര്‍ഥികളുടെ ശരാശരി ഗ്രേഡിന്റെയും വിജയശതമാനത്തിന്റെയും ഗുണന ഫലമാണിത്. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം (6.46), മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (6.40), രാജഗിരി സ്‌കൂള്‍ (5.92) എന്നിവരാണ് ഏറ്റവും ഉയര്‍ന്ന അക്കാഡമിക് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് ലഭിച്ച കോളേജുകള്‍.

അപൂര്‍വ്വ സ്പര്‍ശം എന്നു പേരിട്ടിരിക്കുന്ന സമ്പൂര്‍ണമായ ഒരു ഡിജിറ്റല്‍ സിസ്റ്റത്തിലാണു സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥി പ്രവേശനം മുതല്‍ ഡിഗ്രീ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം വരെയുള്ള മുഴുവന്‍ ജോലികളും ഇ-ഗെവേര്‍ണന്‍സ് പ്ലാറ്റ് ഫോമിലൂടെയാണ് നിര്‍വഹിക്കുന്നത്. വിജയിച്ച വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സെപ്റ്റംബര്‍ 25 ന് മുന്‍പ് കോളേജുകളിലെത്തിക്കും. വിവിധ സെമെസ്റ്ററുകളിലെ ഗ്രേഡ് കാര്‍ഡുകള്‍ വിദ്യാര്‍ഥികളുടെ പോര്‍ട്ടലില്‍ ലഭ്യമാണ്. ട്രാന്‍സ്‌ക്രിപ്റ്റിന്റെ മാതൃകയിലുള്ള ഗ്രേഡ് കാര്‍ഡുകള്‍ ഒരു മാസത്തിനകം നല്‍കും. പ്രൊവിഷണല്‍ സെര്‍ട്ടിഫിക്കറ്റകളും ഗ്രേഡ് കാര്‍ഡുകളും വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കും. ഡിഗ്രിസര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ ഒരുമാസത്തിന് ശേഷം സ്വീകരിച്ചുതുടങ്ങും. ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഈ വര്‍ഷം മുതല്‍ ഡിജിറ്റല്‍ രൂപത്തില്‍ നാഷണല്‍ അക്കാഡമിക് ഡെപ്പോസിറ്ററിയില്‍ ലഭ്യമാക്കും.

Also Read: അഭിരുചിയില്ലാത്തവര്‍ എന്‍ജിനീയറിങ് കോഴ്സിനു ചേരുമ്പോള്‍ - പ്രൊഫ. ആര്‍.വി.ജി മേനോന്‍ സംസാരിക്കുന്നു

Content Highlights: Kerala Technological University BTech Results Published; 46.53 percent students passed