ഹരിപ്പാട്: നിരന്തരമൂല്യനിർണയത്തിന്റെ (സി.ഇ.) മാർക്കുകൂടി ഉൾപ്പെടുത്തി പുതുമകളോടെ പത്താം ക്ലാസുകാരുടെ ഹാൾ ടിക്കറ്റ്. ഇതിനൊപ്പം പരീക്ഷാർഥിയുടെ പേര് പ്രാദേശികഭാഷയിൽ രേഖപ്പെടുത്തുന്ന പരിഷ്‌കാരത്തിനും തുടക്കം കുറിച്ചു. മലയാളത്തിനുപുറമേ തമിഴ്, കന്നട ഭാഷകളിലാണ് കുട്ടികൾ ആവശ്യപ്പെടുന്നതനുസരിച്ച് പേര് രേഖപ്പെടുത്തുന്നത്.

എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് സ്കൂളുകളുടെ പോർട്ടലിൽ ലഭിക്കും. ഫെബ്രുവരി 21-ന് മുൻപ് ഹാൾ ടിക്കറ്റ് വിതരണം ചെയ്യാൻ വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചിട്ടുണ്ട്. മാർച്ച് ഏഴിന് പരീക്ഷ തുടങ്ങും.

ഇംഗ്ലീഷ്, സാമൂഹ്യപാഠം, കണക്ക് വിഷയങ്ങൾക്ക് 20 മാർക്കാണ് നിരന്തര മൂല്യനിർണയത്തിലൂടെ പരമാവധി അനുവദിക്കുക. മറ്റ് ഏഴു വിഷയങ്ങൾക്ക് 10 വീതവും. പ്രോജക്ട്, സെമിനാർ, പഠന പ്രവർത്തനങ്ങൾ തുടങ്ങിയവയിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് നിരന്തര മൂല്യനിർണയം നടത്തുന്നത്. 

ഇങ്ങനെ ലഭിക്കുന്ന മാർക്ക് സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തണമെന്നാണ് ചട്ടം. ഭൂരിപക്ഷം സ്കൂളുകളും ഇത് പാലിക്കാറില്ല. രഹസ്യമായി പരീക്ഷാ വിഭാഗത്തിന് കൈമാറുകയാണ് പതിവ്. നിരന്തര മൂല്യനിർണയത്തിന്റെ മാർക്കും ചേർത്താണ് ഫലപ്രഖ്യാപനം. ഗ്രേഡ് അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കുന്നതിനാൽ ഈ വിഭാഗത്തിൽ  എത്ര മാർക്ക് കിട്ടിയെന്ന് കുട്ടികളും രക്ഷിതാക്കളും അറിയില്ല.

നോട്ടീസ് ബോർഡിൽ തീരെ കുറഞ്ഞ മാർക്ക് പ്രസിദ്ധപ്പെടുത്തിയശേഷം പരീക്ഷാഭവനിലേക്ക് ഓൺലൈനിൽ അയക്കുമ്പോൾ ഉയർന്ന മാർക്ക് ഇടുന്നവരുമുണ്ട്. ഇത്തരം രീതികൾ അവസാനിപ്പിക്കാനാണ് ഹാൾ ടിക്കറ്റിൽ മാർക്ക് പ്രസിദ്ധപ്പെടുത്തുന്നത്. ഹാൾ ടിക്കറ്റിൽ കുട്ടികളുടെ പേര് പ്രാദേശികഭാഷയിൽ രേഖപ്പെടുത്തുന്നത് ആദ്യമായാണ്. ഇതുവരെ മാർക്ക് ലിസ്റ്റിലാണ് പ്രാദേശികഭാഷയിലുള്ള പേര് ചേർത്തിരുന്നത്. പലരുടെയും പേര് തെറ്റായി രേഖപ്പെടുത്താറുണ്ട്. മാർക്ക്‌ലിസ്റ്റ്‌ കൈയിൽ കിട്ടുമ്പോഴായിരിക്കും തെറ്റ് തിരിച്ചറിയുന്നത്.
 

മാർക്കിലെ പിശക് തിരുത്താം
നിരന്തരമൂല്യനിർണയത്തിന്റെ മാർക്ക് ഹാൾടിക്കറ്റിൽ ചേർത്തതിൽ അപാകമുണ്ടെങ്കിൽ തിരുത്താം. ഹെഡ്മാസ്റ്റർ വഴി എത്രയും വേഗം രേഖകൾ സമർപ്പിക്കണം. പരീക്ഷ തുടങ്ങുന്നതിനുമുൻപേ ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കണം. 
-ജോയന്റ് കമ്മിഷണർ, പരീക്ഷാഭവൻ