തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയനം വൈകുന്നേരംവരെയാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. നിലവില്‍ ഉച്ചവരെയാണ് ക്ലാസുകള്‍. ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്.മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചചെയ്തത്.

വെള്ളിയാഴ്ചത്തെ യോഗത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടക്കും. ഉച്ചവരെമാത്രം ക്ലാസുകള്‍ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.

പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ ഏഴ് ജില്ലകളിലായി 65ഓളം താത്കാലിക ബാച്ചുകള്‍ അനുവദിക്കേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍. 

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ബാച്ചുകള്‍ കൂടുതല്‍ ആവശ്യം. തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില താലൂക്കുകളില്‍ ഏതാനും ബാച്ചുകളും ആവശ്യമാണ്. നിലവില്‍ പ്രവേശനം ലഭിക്കാത്ത കുട്ടികളില്‍ ഭൂരിഭാഗവും ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളില്‍ പ്രവേശനത്തിനായി ഓപ്ഷന്‍ നല്‍കിയവരാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം നടക്കുന്ന സാഹചര്യത്തില്‍ എത്ര പുതിയ ബാച്ചുകള്‍ വേണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ വെള്ളിയാഴ്ച വീണ്ടും യോഗം ചേരും. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം മലപ്പുറത്ത് 5491 പേര്‍ക്കും പാലക്കാട് 2002 പേര്‍ക്കും കോഴിക്കോട് 2202 പേര്‍ക്കുമാണ് പ്രവേശനം ലഭിക്കാനുള്ളത്.

Content Highlights: The government is considering extending school hours in the state till evening