ഹരിപ്പാട്: പുതിയ അധ്യയനവര്‍ഷത്തില്‍ പ്ലസ് വണ്‍ പ്രവേശനം നേരത്തേയാക്കാന്‍ തീരുമാനം. എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ച് ഉടന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. മേയ് അഞ്ചിനാണ് എസ്.എസ്.എല്‍.സി. ഫലം പ്രസിദ്ധപ്പെടുത്തുക. ജൂണ്‍ 14-ന് ക്ലാസ് തുടങ്ങാനാണ് ആലോചിക്കുന്നത്. കേന്ദ്ര സിലബസില്‍ പഠിച്ചവരുടെ ഫലപ്രഖ്യാപനം വൈകുമെന്നതിനാല്‍ അത്തരക്കാര്‍ക്ക് ഇത് തിരിച്ചടിയാകും.

കഴിഞ്ഞവര്‍ഷം ജൂണ്‍ നാലുവരെ അപേക്ഷ സ്വീകരിച്ചിരുന്നു. ജൂണ്‍ മുപ്പതിനാണ് ക്ലാസ് തുടങ്ങിയത്. മുന്‍വര്‍ഷങ്ങളില്‍ പ്രവേശനം ഇതിനെക്കാള്‍ വൈകിയിരുന്നു. മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന കുട്ടികള്‍ അഞ്ച് മാസം വരെ വെറുതെയിരിക്കുന്ന സ്ഥിതി ഒഴിവാക്കാനാണ് ക്ലാസുകള്‍ നേരത്തേയാക്കുന്നത്.

പ്രവേശനനടപടികളുടെ ഭാഗമായി ഹയര്‍സെക്കന്‍ഡറി വകുപ്പ് പ്ലസ് വണ്‍ പ്രവേശത്തിനുള്ള പ്രോസ്‌പെക്ടസ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് അംഗീകാരം കിട്ടിയാലുടന്‍ പ്രവേശനനടപടികള്‍ തുടങ്ങും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലെ 2,011 സ്‌കൂളുകളിലായി 4,18,706 സീറ്റുകളിലാണ് ഇത്തവണ പ്ലസ് വണ്‍ പ്രവേശനം.

4,98,350 കുട്ടികളാണ് കഴിഞ്ഞവര്‍ഷം പ്ലസ് വണ്ണിന് അപേക്ഷിച്ചത്. ഇതില്‍ 37,274 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇത്തവണ പ്രവേശനം നല്‍കുമെന്ന് വകുപ്പ് അറിയിച്ചു.
 
പ്രവേശന നടപടികള്‍
 
  • മേയ് എട്ട് മുതല്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
  • മേയ് 29-ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും.
  • ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്
  • ഫലപ്രഖ്യാപനം വൈകിയാല്‍ തീയതികളില്‍ മാറ്റമുണ്ടാകും.