തിരുവനന്തപുരം: മെഡിക്കല്‍, ഡെന്റല്‍ മറ്റ് അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്കുപട്ടിക പ്രസിദ്ധീകരിച്ചു. www.ceekerala.org എന്ന വെബ്‌സൈറ്റില്‍ റാങ്കുപട്ടിക ലഭ്യമാണ്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ റാങ്കുപട്ടിക തയ്യാറാക്കിയത്. 

മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിനായി പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കുകയും നീറ്റ് പരീക്ഷയുടെ ഫലം ഓണ്‍ലൈനായി സമര്‍പ്പിക്കുകയും ചെയ്തവരെയാണ് റാങ്കുപട്ടികയിലേക്കു പരിഗണിച്ചത്. 

അപേക്ഷയില്‍ പിഴവുള്ള ഏതാനും വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ഇവരുടെ ഫലം പ്രസിദ്ധീകരിക്കും.  കാറ്റഗറി/കമ്മ്യൂണിറ്റി അടിസ്ഥാനപ്പെടുത്തിയുള്ള റാങ്കുപട്ടിക 15ന് പ്രസിദ്ധീകരിക്കും. റാങ്കുപട്ടിക സംബന്ധിച്ചു പരാതികളുണ്ടെങ്കില്‍ 15ന് രാവിലെ പത്തിന് മുമ്പായി ഇമെയില്‍ വഴി പ്രവേശനപ്പരീക്ഷാ കമ്മിഷണറെ അറിയിക്കണം. നീറ്റ് പരീക്ഷയിലെ ഫലം സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് 15ന് രാവിലെ പത്ത് വരെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാന്‍ അവസരമുണ്ടെന്നും പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.