കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന 2017 ലെ പ്രൊഫഷണല്‍ കോഴ്സ് അലോട്ടുമെന്റിന്റെ 3-ാം ഘട്ട ഓപ്ഷന്‍ നല്‍കല്‍/പുനഃക്രമീകരിക്കല്‍, ബുധനാഴ്ച വൈകീട്ട് (ജൂലായ് 19) 3 മണിക്ക് അവസാനിക്കും. 
ഈ റൗണ്ടിലെ സവിശേഷതകള്‍

  • സര്‍ക്കാര്‍/എയ്ഡഡ് മെഡിക്കല്‍, ഡന്റല്‍, ആയുര്‍വേദ, വെറ്റിനറി, അഗ്രികള്‍ച്ചര്‍, ഫിഷറീസ്, ഫോറസ്ട്രി, കോഴ്സുകളിലേക്ക് ഓപ്ഷന്‍ നല്‍കാം. (ഈ വിഭാഗങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്കും ഇതിലില്ലാത്ത കോഴ്സുകളിലേക്കും പിന്നീട് ഓപ്ഷന്‍ വിളിക്കും)
  • മൂന്നാം അലോട്ടുമെന്റ്, സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോളേജുകളിലെ അവസാന അലോട്ടുമെന്റ് ആണ്. സീറ്റ് ലഭിച്ചാല്‍ നിര്‍ബന്ധമായും സ്വീകരിക്കണം. ഇല്ലെങ്കില്‍ പ്രോസ്പെക്ടസ്/സര്‍ക്കാര്‍ ഉത്തരവുപ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടിവരും. കമ്മീഷണര്‍ക്ക് ഒടുക്കിയ ഫീസ് തിരികെ ലഭിക്കില്ല.
  • അലോട്ടുമെന്റ് ലഭിക്കുന്നവര്‍ ഫീസ്/അധിക ഫീസ് (ബാധകമെങ്കില്‍) നിശ്ചിത തിയതിക്കുള്ളില്‍ അടച്ച് കോളേജില്‍ ചേരണം. ചേര്‍ന്നില്ലെങ്കില്‍, അലോട്ടുമെന്റ് നഷ്ടപ്പെടും. ആ സ്ട്രീമില്‍ നിന്നും പുറത്താകും.

ചെയ്യേണ്ട കാര്യങ്ങള്‍

  • ആദ്യമായി മെഡിക്കല്‍ ഓപ്ഷന്‍ മാത്രം നല്‍കുന്നവരുള്‍പ്പെടെ വെബ്സൈറ്റില്‍ കയറി 'Confirm' ചെയ്ത് ഓപ്ഷന്‍ നല്‍കല്‍/പുനക്രമീകരണം നടത്തണം. 'Confirm' ചെയ്യാതെയിരുന്നാല്‍ നേരത്തെയുള്ള അലോട്ടുമെന്റ് (കോളേജില്‍ ചേര്‍ന്നിട്ടുള്ളപക്ഷം) നിലനില്‍ക്കും. ഹയര്‍ ഓപ്ഷനുകളെല്ലാം നഷ്ടപ്പെടും.
  • എന്‍ജിനീയറിങ്്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി എന്നീ സ്ട്രീമുകളില്‍ ഒന്നോ ഒന്നില്‍ കൂടുതലോ സ്ട്രീമുകള്‍ക്കൊപ്പം മെഡിക്കല്‍ സ്ട്രീമിലും ഉള്‍പ്പെട്ടിട്ടുള്ളവര്‍, നിലവിലുള്ള അവരുടെ ഹയര്‍ ഓപ്ഷനുകള്‍ക്കൊപ്പം ആഗ്രഹിക്കുന്ന സ്ഥാനത്ത് മുന്‍ഗണനാ നിശ്ചയിച്ച്, അവര്‍ക്കു താല്പര്യമുള്ള മെഡിക്കല്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി മൊത്തം ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാം.
  • രണ്ടാംഘട്ടത്തില്‍ കോളേജില്‍ ചേര്‍ന്ന് എന്‍ജിനീയറിങ്്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി  സ്ട്രീമിലെ വിദ്യാര്‍ത്ഥികള്‍ക്ക്, അവര്‍ക്കു ലഭിച്ച അലോട്ടുമെന്റില്‍ നിന്നും മാറാന്‍ താല്പര്യമില്ലെങ്കില്‍ അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ പൂര്‍ണമായും റദ്ദുചെയ്യണം. ചെയ്തില്ലെങ്കില്‍ അവ മൂന്നാം റൗണ്ടില്‍ പരിഗണിക്കും. മാറ്റം വന്നാല്‍ രണ്ടാം അലോട്ടുമെന്റ് നഷ്ടപ്പെടും. താല്പര്യമില്ലാത്ത ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് റദ്ദുചെയ്യാം. ഓപ്ഷന്‍ പട്ടികയില്‍ ഇപ്പോഴുള്ള മുന്‍ഗണനാ നമ്പര്‍ മാറ്റി, '0' (പൂജ്യം)  ടൈപ്പുചെയ്ത് വലതുവശത്തുള്ള 'Update' ബട്ടണ്‍ ക്ലിക്കുചെയ്താല്‍ മതി. അതുപോലെ, അവശേഷിക്കുന്ന ഓപ്ഷനുകളുടെ മുന്‍ഗണനാ ക്രമവും വേണമെങ്കില്‍ മാറ്റാം. പഴയതു മാറ്റി, പുതിയ നമ്പര്‍ അടിച്ചുചേര്‍ത്ത് 'Update' ചെയ്യണം. എന്തായാലും നല്‍കിയ മാറ്റങ്ങള്‍ അതുപോലെ വന്നിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. അതിന് ഓപ്ഷന്‍ പട്ടികയുടെ പ്രിന്റ്് ഔട്ട് എടുത്ത് പരിശോധിക്കുകയോ ഹോം പേജില്‍ ഉള്ള ഓപ്ഷന്‍ പട്ടിക പരിശോധിക്കുകയോ ചെയ്യണം.

പ്രവേശനം റദ്ദു ചെയ്യാം
എന്‍ജിനീയറിങ്,  ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളില്‍ ചേര്‍ന്നവര്‍ക്ക് അവരുടെ പ്രവേശനം റദ്ദുചെയ്യാന്‍ ജൂലൈ 19, ഉച്ചയ്ക്ക് ഒരു മണി വരെ സമയമുണ്ട്. കോളേജില്‍ നിന്ന് ടി. സി വാങ്ങിയാല്‍ മതി. അവരുടെ ബന്ധപ്പെട്ട ഹയര്‍ ഓപ്ഷന്‍ ഇതോടെ റദ്ദാകും. അടച്ച ഫീസ് തിരികെ കിട്ടും.

കാറ്റഗറി പട്ടികയുടെ പ്രസക്തി 
ഒരു റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രം പെടുന്നവരെ പരിഗണിക്കുമ്പോള്‍ അതിലുള്‍പ്പെട്ട ഒരാളുടെ ആ വിഭാഗത്തിലെ സ്ഥാനം വ്യക്തമാക്കുന്ന പട്ടികയാണ് ആ വിഭാഗത്തിന്റെ കാറ്റഗറി പട്ടിക. ഉദാഹരണത്തിന് MBBS/BDS റാങ്ക് പട്ടികയിലെ 'ഈഴവ' സംവരണ ആനുകൂല്യമുള്ളവരെ മാത്രം പരിഗണിക്കുമ്പോള്‍ ആ വിഭാഗത്തിലുള്‍പ്പെട്ട ഒരു കുട്ടിയുടെ ആ വിഭാഗത്തിലെ സ്ഥാനം വ്യക്തമാക്കുന്ന പട്ടികയാണ് ഈഴവ കാറ്റഗറി പട്ടിക. സംവരണ വിഭാഗങ്ങള്‍ക്കാണ് കാറ്റഗറി പട്ടിക പ്രസിദ്ധപ്പെടുത്തുക. മെഡിക്കല്‍ വിഭാഗത്തിലെ വിവിധ കോഴ്സുകള്‍ക്ക് മൊത്തത്തില്‍ ഒരു വിഭാഗത്തിന് 100 സീറ്റ് സംവരണം ചെയ്തിട്ടുണ്ടെന്നു കരുതുക. എങ്കില്‍ ആ വിഭാഗത്തില്‍ കാറ്റഗറി സ്ഥാനം 100 വരെയുള്ളവര്‍ക്ക് ഈ മെഡിക്കല്‍ കോഴ്സുകളിലൊന്നില്‍ സംവരണ ആനുകൂല്യത്താല്‍ സീറ്റ് കിട്ടുമെന്ന് ഉറപ്പാണ്. പക്ഷേ ഇവരില്‍ കുറച്ചുപേര്‍ക്ക് സ്റ്റേറ്റ് മെറിറ്റില്‍ അലോട്ടുമെന്റ് ലഭിച്ചാല്‍ അത്രയും സ്ഥാനംകൂടി താഴെയുള്ളവര്‍ക്ക് സംവരണ സീറ്റുകള്‍ കിട്ടും. ഈ 100 ല്‍ 20 പേര്‍ മെറിറ്റ് പട്ടികയില്‍ അലോട്ടുമെന്റ് നേടിയാല്‍, 120 വരെ കാറ്റഗറി സ്ഥാനമുള്ളവര്‍ക്ക് ഈ വിഭാഗത്തിന്റെ സംവരണ സീറ്റില്‍ പ്രവേശനം പ്രതീക്ഷിക്കാം (സംവരണ ആനുകൂല്യമുള്ളവരെയും ആദ്യം അലോട്ടുമെന്റിനായി പരിഗണിക്കുക, സ്റ്റേറ്റ് മെറിറ്റില്‍ ആയിരിക്കും). വിദ്യാര്‍ത്ഥി ഓപ്ഷന്‍ മാത്രമേ നല്‍കേണ്ടതുള്ളൂ. അലോട്ടുമെന്റ് പ്രക്രിയ നടത്തുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ എല്ലാ ആനുകൂല്യങ്ങളും പരിഗണിച്ചായിരിക്കും,  സംവിധാനം അലോട്ടുമെന്റ് നല്‍കുക.