തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കായി മെഡിക്കൽ പി.ജി. പ്രവേശനത്തിന് അധികസീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കത്തുനൽകി.

ഇക്കൊല്ലം എം.ബി.ബി.എസ്. പ്രവേശനത്തിന് പത്തുശതമാനം അധികസീറ്റിന് മെഡിക്കൽ കൗൺസിൽ അനുമതി നൽകിയിരുന്നു. എം.ബി.ബി.എസിന് 285 സീറ്റ്‌ അധികം ലഭിക്കുമെന്നു കരുതിയെങ്കിലും 155 സീറ്റാണ് കേന്ദ്രം അനുവദിച്ചത്. സർക്കാർ മെഡിക്കൽ കോളേജുകൾക്കാണിവ ലഭിച്ചത്.

ഇതേരീതിയിൽ പി.ജി. സീറ്റുകളും കൂട്ടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. കേന്ദ്ര മറുപടിക്കനുസരിച്ചായിരിക്കും പ്രോസ്‌പെക്ടസിന് അന്തിമരൂപം നൽകുക. നീറ്റ് (പി.ജി.) പരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. ഈ മാസം 31-നാണ് പ്രവേശനപരീക്ഷാഫലം പ്രതീക്ഷിക്കുന്നത്.

വിവിധ സ്‌പെഷ്യാലിറ്റികളിലായി 383 മെഡിക്കൽ പി.ജി. സീറ്റാണ് കഴിഞ്ഞവർഷം സർക്കാർ മെഡിക്കൽ കോളേജുകളിലുണ്ടായിരുന്നത്. ആർ.സി.സി.യിൽ സംസ്ഥാന ക്വാട്ടയിലെ എട്ടുസീറ്റുകൾ അടക്കമാണിത്. ഇതുകൂടാതെ 79 പി.ജി. ഡിപ്ലോമ സീറ്റുമുണ്ടായിരുന്നു. ഡിപ്ലോമ ഒഴികെയുള്ള സീറ്റുകളിൽ മാത്രമാണ് പ്രത്യേക സംവരണം ആവശ്യപ്പെടുന്നത്.

എം.ബി.ബി.എസ്. പ്രവേശനസമയത്ത് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് അനുവദിച്ച അധികസീറ്റിന് അപേക്ഷിക്കാൻ സ്വാശ്രയ കോളേജുകൾക്കും സർക്കാർ ആദ്യം അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിച്ചു.

Content Highlights:  Kerala medical education dept demands 10 per cent more seats in medical PG courses