അടുത്ത അധ്യയനവര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള സമയക്രമം സര്‍ക്കാര്‍ നിശ്ചയിച്ചു. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് മുന്‍കൂട്ടിയുള്ള തീരുമാനം. പ്രവേശനത്തിനായി മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചയിക്കുന്ന തീയതി കഴിഞ്ഞാലും തര്‍ക്കവും നിയമനടപടികളും തുടരുന്നത് ഒഴിവാക്കാനാണ് സമയക്രമം ഉണ്ടാക്കിയത്.

മാനേജ്‌മെന്റുകള്‍ക്ക് സ്വീകാര്യമല്ലെങ്കിലും അടുത്തവര്‍ഷം 15 ശതമാനം ഫീസ് വര്‍ധന ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ഇക്കൊല്ലത്തെ ഫീസ് നിശ്ചയിച്ചതിനൊപ്പം ക്രിസ്ത്യന്‍ മാനേജ്‌മെന്റിനുകീഴിലെ നാല് കോളേജുകളുടെ അടുത്തവര്‍ഷത്തെ ഫീസും രാജേന്ദ്രബാബുകമ്മിറ്റി നിശ്ചയിച്ചു. 15 ശതമാനം വര്‍ധനയാണ് അനുവദിച്ചിട്ടുള്ളത്. ഭാവിവികസനത്തിന് പത്തുശതമാനവും വേതനം അടക്കമുള്ള വര്‍ധനയ്ക്കായി അഞ്ചുശതമാനവുമാണ് അനുവദിച്ചിട്ടുള്ളത്. മറ്റു കോളേജുകള്‍ക്കും സമാനവര്‍ധന അനുവദിക്കാനാണ് സാധ്യത.

കെ.എം.സി.ടി., കരുണ എന്നീ കോളേജുകളിലെയും ക്രിസ്ത്യന്‍ മാനേജ്‌മെന്റിനുകീഴിലെ പുഷ്പഗിരി, അമല, മലങ്കര, ജൂബിലി എന്നീ കോളേജുകളിലെയും ഫീസാണ് ഇതുവരെ നിശ്ചയിച്ചത്. ഇതില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഫെഡറേഷനുകീഴിലെ കോളേജുകള്‍ക്കാണ് അടുത്തവര്‍ഷത്തെ ബാച്ചിനായി ഫീസ് 5.60 ലക്ഷം രൂപയായി നിശ്ചയിച്ചു. ഇക്കൊല്ലത്തേക്ക് 4.85 ലക്ഷമാണ് അനുവദിച്ചത്. കരുണയില്‍ 4.68 ലക്ഷവും കെ.എം.സി.ടി.യില്‍ 4.15 ലക്ഷവുമാണ് ഇക്കൊല്ലത്തെ ഫീസ്.

അവശേഷിക്കുന്ന കോളേജുകളിലെ ഫീസ് നിര്‍ണയത്തിനായി അവയുടെ വരവുചെലവ് കണക്കുകള്‍ പരിശോധിച്ചുവരികയാണ്. ഇതോടൊപ്പം അടുത്തവര്‍ഷം തുടങ്ങുന്ന ബാച്ചിന്റെ ഫീസും നിര്‍ണയിക്കാനാണ് കമ്മിറ്റി ആലോചിക്കുന്നത്.

ഇക്കൊല്ലത്തേക്ക് നിശ്ചയിച്ച ഫീസിനെതിരേ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ പരാതികളിലെ അന്തിമവിധി ഫീസ് നിര്‍ണയത്തെ സ്വാധീനിക്കും. അടുത്തവര്‍ഷത്തെ പ്രവേശനത്തിനായി രണ്ട് കൗണ്‍സലിങ് പ്രവേശനപരീക്ഷാ കമ്മിഷണര്‍ നേരിട്ട് നടത്തും. തുടര്‍ന്ന് ആവശ്യമെങ്കില്‍ പൂര്‍ണമായും മെറിറ്റ് പാലിച്ച് സ്‌പോട്ട് അഡ്മിഷനും നടത്തുക പ്രവേശനപരീക്ഷാ കമ്മിഷണറായിരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

സമയക്രമം

കോളേജുകള്‍ വരവുചെലവ് കണക്ക് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ട അവസാന തീയതി- ഡിസംബര്‍ 31.

വിശദീകരണം കേട്ടശേഷം അന്തിമ ഫീസ് സംബന്ധിച്ച ഉത്തരവ്- ഫെബ്രുവരി 15.

അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയം.

നിയമനടപടികളുണ്ടെങ്കില്‍ പൂര്‍ത്തിയാക്കേണ്ടത് -ഏപ്രില്‍ 15.

പ്രവേശനപരീക്ഷ- ഏപ്രില്‍ ഒന്നുമുതല്‍ ഏഴുവരെ.

പ്രവേശനപരീക്ഷാ ഫലം- ജൂണ്‍ ഒന്ന്.

സീറ്റ് വിഭജനം സംബന്ധിച്ച വിജ്ഞാപനം- ജൂണ്‍ 10.

വര്‍ധന 15 ശതമാനം

നാല് കോളേജുകളില്‍ അടുത്തവര്‍ഷത്തേക്ക് 15 ശതമാനം വര്‍ധനയാണ് അനുവദിച്ചിട്ടുള്ളത്. ശമ്പളവും മറ്റും ഉയര്‍ന്നതിനാല്‍ ചില കോളേജുകള്‍ വന്‍വര്‍ധന ആവശ്യപ്പെടുന്നുണ്ട്. അവസാന തീരുമാനം കമ്മിറ്റി ചേര്‍ന്ന ശേഷമാകും.
 
ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു(ഫീസ് നിര്‍ണയസമിതി അധ്യക്ഷന്‍)

നടത്തിപ്പ് ബുദ്ധിമുട്ടാകും

അഞ്ചുലക്ഷം വാര്‍ഷിക ഫീസ് വാങ്ങി മെഡിക്കല്‍ കോളേജുകള്‍ നടത്തിക്കൊണ്ടുപോവുക സാധ്യമല്ല. മെഡിക്കല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ച സാഹചര്യത്തില്‍ 40 ശതമാനം സീറ്റുകളില്‍ സര്‍ക്കാരും 60 ശതമാനം സീറ്റില്‍ മാനേജ്‌മെന്റുകളും ഫീസ് നിശ്ചയിക്കുന്ന സമ്പ്രദായം വരുമെന്നാണ് കരുതുന്നത്.

അനില്‍കുമാര്‍ വള്ളില്‍  (സെക്രട്ടറി, മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍).