തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ഇല്ലാതിരുന്ന മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിന്റെ ചുമലിലായി. തൊടുപുഴ അല്‍അസ്ഹര്‍, അടൂര്‍ മൗണ്ട് സിയോണ്‍, ഡി.എം. വയനാട് എന്നീ കോളേജുകളില്‍ സര്‍ക്കാര്‍ നേരിട്ട് പ്രവേശനം നല്‍കിയ 400 വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പെരുവഴിയിലായത്. മൂന്ന് കോളേജുകളിലും ഉപാധികളോടെ പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

അതേസമയം ഇക്കൊല്ലം സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ബാങ്ക് ഗാരന്റിയുടെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് സ്വീകാര്യമല്ലെന്നാണ് ബാങ്കുകളുടെ നിലപാട്. ഉത്തരവല്ല, ബാങ്ക് ഗാരന്റിക്കായി നിയമഭേദഗതി വേണമെന്നാണ് ആവശ്യം.

അല്‍ അസറിലും മൗണ്ട് സിയോനിലും ഡി എമ്മിലും നടത്തിയ പ്രവേശനം അന്തിമമായി റദ്ദാക്കപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ആവുന്നത്ര ശ്രമം തുടങ്ങിയിട്ടുണ്ട്. കോളേജുകള്‍ക്ക് അനുകൂലമായി സോളിസിറ്റര്‍ ജനറല്‍ മുകുള്‍ റോത്തഗി അടക്കമുള്ളവരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിയോഗിച്ചിട്ടുള്ളത്. കോളേജുകള്‍ നേരിട്ട് നല്‍കിയിട്ടുള്ള ഹര്‍ജികളും വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും.

നീറ്റ് പരീക്ഷയില്‍ താരതമ്യേന മെച്ചപ്പെട്ട റാങ്കുണ്ടായിട്ടും പ്രവേശനം റദ്ദാക്കപ്പെടുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. മറ്റ് കോഴ്‌സുകളിലെ പ്രവേശനം ഉപേക്ഷിച്ചാണ് പലരും ഈ കോളേജുകളില്‍ ചേര്‍ന്നത്. ചിലരാകട്ടെ കേരളത്തിന് പ്രവേശനം ലഭിച്ചവരും. ഉപാധികളോടെയാണ് പ്രവേശനമെന്ന് വിദ്യാര്‍ഥികളില്‍നിന്ന്് എഴുതിവാങ്ങിയിട്ടുള്ളതിനാല്‍ സര്‍ക്കാരിന് നിയമപരമായി പിടിച്ചുനില്‍ക്കാം. അവരെ കൈയൊഴിയേണ്ടിവന്നാല്‍ അത് തിരിച്ചടിയാകും.

കോടതിവിധിക്കൊപ്പം സര്‍വകലാശാലാ രജിസ്‌ട്രേഷനുള്ള സൗകര്യവും വിദ്യാര്‍ഥികള്‍ക്ക് ഒരുക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ കഴിഞ്ഞവര്‍ഷം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ സ്ഥിതി ഈ വിദ്യാര്‍ഥികള്‍ക്കുമുണ്ടായേക്കും. ഇവിടത്തെ വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും രജിസ്‌ട്രേഷന്‍ ഇല്ലാത്തതിനാല്‍ പരീക്ഷ എഴുതാനായില്ല. അവരെ നിയമനിര്‍മാണത്തിലൂടെ സംരക്ഷിക്കാനാകുമോ എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നത്.