അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കാനും വിദഗ്ധ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താനും കഴിയുന്ന വിധത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) രൂപകല്പന ചെയ്ത 'കൂള്‍' (കൈറ്റ്സ് ഓപ്പണ്‍ ഓണ്‍ലൈന്‍ ലേണിങ്) സംവിധാനം വഴി നടത്തുന്ന കോഴ്സിന് സര്‍ക്കാര്‍ അംഗീകാരം.

അധ്യാപകര്‍ അവരുടെ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ കോഴ്സ് പാസാകണമെന്ന് 2011-ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.  'കൂള്‍' സംവിധാനം ഉപയോഗിച്ച് നടത്തുന്ന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന അധ്യാപകര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള മാനദണ്ഡമായി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 

പ്രൊബേഷന്‍ പൂര്‍ത്തിയാക്കാനുള്ള 4100 അധ്യാപകര്‍ 'കൂളില്‍' രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കുള്ള ബാച്ചുകള്‍ ഈ മാസം എട്ട്, 16 തീയതികളില്‍ നടത്തുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. 
അടുത്ത ബാച്ചുകളിലേക്ക് ഡിസംബര്‍ എട്ടുവരെ സമഗ്ര പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം.

കേരളത്തിലാദ്യമായി ഒരു ഓണ്‍ലൈന്‍ കോഴ്സിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് 'കൂള്‍' വഴിയുള്ള കോഴ്സിനാണ്. ആദ്യഘട്ടത്തില്‍ അധ്യാപകര്‍ക്ക് മാത്രമാണെങ്കിലും ക്രമേണ പൊതുജനങ്ങള്‍ക്കുകൂടി പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്സുകള്‍.

വിവരങ്ങള്‍ക്ക്: www.kite.kerala.gov.in 

Content Highlights: Kerala Infrastructure and Technology for Education, KITES open online learning course