തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള ലോകബാങ്ക് പദ്ധതിയിൽ കേരളവും. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയമാണ് കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തത്. 3200 കോടി വായ്പ നൽകുന്നതിന് ലോകബാങ്ക് അംഗീകാരം നൽകി.

സമഗ്രശിക്ഷാ അഭിയാനുമായി ചേർന്ന് 'സ്ട്രെങ്തനിങ് ടീച്ചിങ്-ലേണിങ് ആൻഡ് റിസൾട്സ് ഫോർ സ്റ്റേറ്റ്സ്' (സ്റ്റാർസ്) എന്ന പേരിലുള്ള ഈ പദ്ധതി ആറുവർഷത്തേക്കാണ് നടപ്പാക്കുന്നത്.

കേരളത്തിനുള്ള 950 കോടിയുടെ പദ്ധതിയുടെ 60 ശതമാനം ലോകബാങ്കും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കണം. മാനവ വിഭവശേഷി മന്ത്രാലയമാണ് വായ്പയെടുക്കുന്നത്. വായ്പ തിരിച്ചടയ്ക്കുന്നതും കേന്ദ്രമാണ്.

നടപ്പാക്കുന്നസംസ്ഥാനങ്ങൾ: കേരളം, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ

കേന്ദ്രം തിരഞ്ഞെടുത്തു, കേരളം കൈകൊടുത്തു

പൊതുവിദ്യാഭ്യാസരംഗത്ത് മികച്ചപ്രകടനം കണക്കിലെടുത്താണ് കേരളത്തെ കേന്ദ്രം തിരഞ്ഞെടുത്തത്. ഇത് കേരളം അംഗീകരിച്ചു. പലവട്ടം കേന്ദ്രവുമായും ലോകബാങ്കുമായും ചർച്ച നടത്തി. പ്രീപ്രൈമറി, തൊഴിലധിഷ്ടിത വിദ്യാഭ്യാസം, അധ്യാപക പരിശീലനം, വിദ്യാർഥികളുടെ വിലയിരുത്തൽ തുടങ്ങിയ മേഖലകളിലാണ് ലോകബാങ്ക് ശ്രദ്ധനൽകുന്നത്. എന്നാൽ എന്തൊക്കെ പദ്ധതികൾ നടപ്പാക്കണമെന്ന വിശദാംശങ്ങൾ അറിയിച്ചിട്ടില്ലെന്ന് സമഗ്രശിക്ഷാ അഭിയാൻ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ പറഞ്ഞു.

ദേശീയതലത്തിൽ വിമർശനം

പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതാണ് ലോകബാങ്കിന്റെ ഇടപെടലെന്ന വിമർശനം ദേശീയതലത്തിൽ ഉയർന്നിട്ടുണ്ട്. വേണ്ടത്ര ചർച്ചകളില്ലാതെ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് അക്കാദമികരംഗത്തെ 1400-ഓളംപേർ ചേർന്ന് ലോകബാങ്കിന് നിവേദനം നൽകിയിരുന്നു. നിബന്ധനകളൊന്നും ഇതുവരെയുള്ള ചർച്ചകളിൽ വന്നിട്ടില്ലെന്ന് ഡോ. എ.പി. കുട്ടികൃഷ്ണൻ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വർഷംതോറും ലോകബാങ്ക് വിലയിരുത്തും. നിർദേശിക്കുന്ന ലക്ഷ്യങ്ങൾ കൈവരിച്ചാലേ അടുത്തവർഷത്തെ പണം നൽകൂ. ഈ അധ്യയനവർഷംതന്നെ തുടങ്ങും.

Content Highlights: Kerala included in world bank project for improving public education system