കൊച്ചി: വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ പ്രവേശനം നല്‍കിയ സാമ്പത്തികമായും മറ്റും ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവരുടെ കുട്ടികളില്‍നിന്ന് ഫീസ് ഈടാക്കിയെങ്കില്‍ അത് തിരികെ നല്‍കണമെന്ന് ഹൈക്കോടതി. ഒരോ ക്ലാസിലും ശേഷിയുടെ 25 ശതമാനമെങ്കിലും സ്‌കൂളിനടുത്തുള്ള ദുര്‍ബലവിഭാഗക്കാരുടെയും പ്രതികൂലസാഹചര്യം നേരിടുന്നവരുടെയും കുട്ടികളെ പ്രവേശിപ്പിക്കണമെന്നാണ് നിയമവ്യവസ്ഥ.
ഫീസ് ബാധ്യതയുടെ നിശ്ചിത ശതമാനം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരിന് നല്‍കണം. അക്കാര്യങ്ങളിലെ നടപടി അറിയിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടും സി.ബി.എസ്.ഇയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പത്തുദിവസത്തിനകം വിശദീകരണം രേഖകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കണം.
കോവിഡ് ലോക്ഡൗണ്‍ മൂലം മാതാപിതാക്കള്‍ക്ക് വരുമാനമില്ലാതായതിനാല്‍ ഫീസ് നല്‍കാന്‍ വിഷമിക്കുന്ന സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ കുട്ടികളെ സര്‍ക്കാരുകള്‍ സഹായിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയിലാണിത്. എറണാകുളം വെണ്ണലയിലെ കെ.പി. ആല്‍ബര്‍ട്ട് നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.
Content Highlights: Kerala highcourt order CBSE schools to refund fees collected from economically weaker sections