തൃശ്ശൂര്‍: അഫിലിയേറ്റഡ് കോളേജുകളുടെ ഭൗതിക, അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാക് അംഗീകാരത്തിന് സമാനമായ അക്രഡിറ്റേഷന്‍ നടപടികള്‍ ആവിഷ്‌കരിച്ച് ആരോഗ്യ സര്‍വകലാശാല.

സര്‍വകലാശാലയുടെ സ്ഥിരമായ അഫിലിയേഷന്‍ നല്‍കുന്നതിന് ക്വാളിറ്റി അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. നിലവില്‍ ഒരുവര്‍ഷത്തേക്കുള്ള അഫിലിയേഷനാണ് നല്‍കുന്നത്. പുതിയ അക്രഡിറ്റേഷന്‍ നല്‍കുന്നത് മൂന്നുവര്‍ഷത്തേക്കായിരിക്കും. പിന്നീടുള്ള ഓരോ വര്‍ഷവും ഇത് പുതുക്കണം. യു.ജി.സി., നാക്, ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം തീരുമാനിക്കുന്ന ലോക മെഡിക്കല്‍ സര്‍വകലാശാലാ റാങ്കിങ് എന്നിവയുടെ സൂചികകളെ ആധാരമാക്കിയാണ് അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റിട്ട. പ്രിന്‍സിപ്പല്‍ ഡോ. കാര്‍ത്തികേയവര്‍മയുടെ നേതൃത്വത്തിലുള്ള 12 അംഗ കമ്മിറ്റിയാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

കോളേജുകളിലെ അടിസ്ഥാന ഭൗതികസൗകര്യങ്ങള്‍, അധ്യാപകരുടെ വിദ്യാഭ്യാസയോഗ്യത, അധ്യയനം, പരീക്ഷകളുടെ കൃത്യമായ നടത്തിപ്പ്, കരിക്കുലം നടത്തിപ്പിലെ കൃത്യത, ഗുണനിലവാര ഓഡിറ്റിങ്, ഗവേഷണസൗകര്യങ്ങള്‍, സാമൂഹിക ഇടപെടലുകള്‍, വിദ്യാര്‍ഥിസൗഹൃദാന്തരീക്ഷം, കുട്ടികളുടെ പ്രതികരണം, നവീന ആശയങ്ങളുടെ നടത്തിപ്പ് തുടങ്ങിയവ മാനദണ്ഡങ്ങളായിരിക്കും.

പരിശീലനം ലഭിച്ച അധ്യാപകര്‍ക്കു പുറമേ നാക് പ്രതിനിധി, നാക് അക്രഡിറ്റേഷന്‍ ലഭിച്ച കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍, മറ്റ് സര്‍വകലാശാലകളിലെ വിദഗ്ധര്‍ എന്നിവര്‍ അക്രഡിറ്റേഷന്‍ പാനലില്‍ അംഗങ്ങളായിരിക്കും. ആദ്യഘട്ടമെന്ന നിലയില്‍ അഫിലിയേറ്റഡ് കോളേജുകളിലെ 170-ഓളം അധ്യാപകര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.

സര്‍വകലാശാലയിലെ ഗവേഷകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചതായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ പറഞ്ഞു. ഈ വര്‍ഷംതന്നെ അക്രഡിറ്റേഷന്‍ നടപടികള്‍ ആരംഭിക്കാനാണ് തീരുമാനമെന്ന് അക്കാദമിക് ഡീന്‍ വി.വി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Content Highlights: Kerala Health University to Implement Accreditation System Similar to NAAC