മലപ്പുറം: കോവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരേ ആരോഗ്യസര്‍വകലാശാലാ ആയുര്‍വേദ വിദ്യാര്‍ഥികള്‍. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ അധികൃതരെ സമീപിച്ചു.

പരീക്ഷയെഴുതുന്ന മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ ലഭിച്ചില്ലെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയെന്നു പറഞ്ഞാണ് പരീക്ഷ നടത്താന്‍ ഒരുങ്ങുന്നതെന്നും തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുര്‍വേദ കോളേജിലെ വിദ്യാര്‍ഥി ഐശ്വര്യ പറഞ്ഞു. സപ്ലിമെന്ററി പരീക്ഷ നടത്താതെ ഫൈനല്‍ പരീക്ഷ നടത്തരുതെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രാക്ടിക്കല്‍ ക്ലാസുകള്‍ വേഗം തീര്‍ത്തതും ക്ലാസുകള്‍ കൂടുതല്‍ ലഭിക്കാത്തതുമാണ് വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത്.

ഈ മാസം 19 മുതലുള്ള സര്‍വകലാശാലാ പരീക്ഷകളാണു മാറ്റിയത്. എന്നാല്‍ ആരോഗ്യ, ശാസ്ത്ര സര്‍വകലാശാലയെ ഒഴിവാക്കിയതിനാല്‍ മേയ് മൂന്നുമുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ നടത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 19 മുതല്‍ 30 വരെ മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി ഉടന്‍ അറിയിക്കും.

പരീക്ഷകള്‍ മുന്‍നിശ്ചയിച്ചപ്രകാരം

ആരോഗ്യ സര്‍വകലാശാലയിലെ പരീക്ഷകള്‍ മുന്‍നിശ്ചയിച്ചപ്രകാരം നടത്തും. പരീക്ഷകള്‍ക്കു മുന്നോടിയായി എല്ലാ കോളേജുകളോടും വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യ ഡോസ് മിക്ക കോളേജുകളിലും നല്‍കി. പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികളെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറക്കും.

ഡോ. എസ്. അനില്‍കുമാര്‍,

(പരീക്ഷാ കണ്‍ട്രോളര്‍, ആരോഗ്യ സര്‍വകലാശാല)

Content Highlights: Kerala Health University exams amid covid-19, students under pressure