തിരുവനന്തപുരം: സ്‌കൂൾ പാഠ്യപദ്ധതിയിൽ ഫിൻലൻഡ് മാതൃക അനുകരിക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. പാഠ്യപദ്ധതിയിലും അനുബന്ധപ്രവർത്തനങ്ങളിലുമുള്ള മാതൃകകൾ സ്വീകരിക്കാനാണ് ആലോചന. ഫിൻലൻഡിലെ ഹെൽസിങ്കി സർവകലാശാല ഇതുസംബന്ധിച്ച നിർദേശവുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ലോകത്തെ നല്ലവിദ്യാഭ്യാസ മാതൃകകൾ പകർത്തണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് നീക്കം.

മുഴുവൻ കുട്ടികളെയും വിദ്യാലയങ്ങളിലെത്തിക്കുന്നതിൽ കേരളം മുന്നിലാണെന്ന് 2016-17ലെ നീതി ആയോഗ് റിപ്പോർട്ടിലുണ്ടായിരുന്നു. നിലവാരത്തിന്റെ കാര്യത്തിൽ കേരളം പിന്നാക്കം പോകുന്നതിന്റെ സൂചനകളാണുള്ളത്. ഭരണ, അധ്യാപന പരിചയം ഇല്ലാതെ സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങളാണ് വിമർശിക്കപ്പെട്ടത്. ഇത്തരം പ്രശ്‌നങ്ങൾക്ക് ഫിൻലൻഡ് വിദ്യാഭ്യാസരീതി പരിഹാരം നിർദേശിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. വിദ്യാർഥികൾക്ക് ഓരോ ക്ലാസിലും നിശ്ചയിച്ചിട്ടുള്ള ശേഷിയും ധാരണയും നൽകി ഉയർന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകുകയെന്ന അടിസ്ഥാന ലക്ഷ്യം കൈവരിക്കുന്നതിൽ വിജയിച്ച രാജ്യമാണ് ഫിൻലൻഡ്.

കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും ശുപാർശകൂടി കണക്കിലെടുത്താണ് ഫിൻലൻഡിലെ അധ്യാപക സ്ഥാനക്കയറ്റം. ഉയർന്ന നിലവാരം പുലർത്തുന്ന അധ്യാപകർ ക്ലാസ് റൂം പഠനത്തിനൊപ്പം വിദ്യാർഥികളുടെ സർവതോന്മുഖ വികസനത്തിന് ഒപ്പമുണ്ടാകും. ഇക്കാര്യം സർക്കാരും ഉറപ്പാക്കുന്നുണ്ട്. എല്ലാ വിദ്യാർഥികളുടെയും പഠനവും കഴിവും ഉറപ്പിച്ചുമാത്രമേ മുന്നോട്ടുപോകാനാകു.

ഫിൻലൻഡ് മാതൃക

ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത് ഏഴാം വയസ്സിൽ. 16 വയസ്സുവരെയാണ് സ്‌കൂൾ കാലം. ആറാം വയസ്സിലാണ് പ്രീ സ്‌കൂൾ ആരംഭിക്കുക. ഇതിൽ 95 ശതമാനവും ചെലവഴിക്കുന്നത് ക്ലാസിനുപുറത്ത്. ഫോറസ്റ്റ് സ്‌കൂൾ എന്ന സങ്കല്പത്തിലുള്ള കളിരീതിയിലുള്ള പഠനത്തിലൂടെ കുട്ടികൾ പ്രകൃതിയെ അനുഭവിച്ച് അടുത്തറിയുന്നു. ആറുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേകവിദ്യാഭ്യാസ പരിപാലനം.

ക്ലാസ് രാവിലെ എട്ടിനോ എട്ടരയ്ക്കോ ആരംഭിച്ച് രണ്ടുമണിയോടെ അവസാനിക്കും. ദിവസം മൂന്നോ നാലോ മണിക്കൂർമാത്രമാണ് അധ്യാപനം. പാഠ്യേതര, പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം. വിദ്യാർഥി കേന്ദ്രീകൃതമായ പഠനരീതിയിൽ അധ്യാപകരുമായുള്ള ആശയവിനിമയത്തിനൊപ്പം സ്വയം പഠനത്തിന് വിദ്യാർഥികളെ പ്രേരിപ്പിക്കുന്നു.

വിശദമായ പദ്ധതി നിർദേശം കാക്കുന്നു

ഫിന്‍ലന്‍ഡ് വിദ്യാഭ്യാസരീതി സംബന്ധിച്ച ഹെല്‍സിങ്കി സര്‍വകലാശാല പ്രതിനിധികളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിശദമായ പദ്ധതി നിര്‍ദേശം സമര്‍പ്പിക്കാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. ഈ മാസംതന്നെ അവര്‍ വീണ്ടും എത്തുമെന്നാണ് അറിയിച്ചിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ നീട്ടിവച്ചേക്കാം.
-എ. ഷാജഹാന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി

Content Highlights: Kerala govt to adopt Finland model in school education