തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച ഓൺലൈനായി നിർവ്വഹിച്ചു. സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഗുരുവിന്റെ ഒരു പ്രതിമ ആദ്യമായി കേരളത്തിൽ സ്ഥാപിച്ചതിനു പിന്നാലെ ഗുരുവിന്റെ പേരിലുള്ള ഓപ്പൺ സർവകലാശാല തുറക്കുന്നതിന്റെ പ്രഖ്യാപനം നടത്താൻ കഴിയുന്നത് സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്തി പറഞ്ഞു.

ആധുനിക സാങ്കേതിക ശാസ്ത്ര സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ എല്ലാ വൈജ്ഞാനിക മേഖലകളിലും എല്ലാ വിഭാഗം ജനങ്ങൾക്കും ഉന്നതവിദ്യാഭ്യാസ യോഗ്യതയും ഉന്നത വിദ്യാഭ്യാസ നൈപുണ്യവും പ്രദാനം ചെയ്യാനാണ് ഓപ്പൺ സർവകലാശാലയിലൂടെ ഉദ്ദേശിക്കുന്നത്. ഉപരിപഠനം കഴിവും യോഗ്യതയും ആഗ്രഹവും ഉള്ള മുഴുവനാളുകൾക്കും പ്രാപ്യമാക്കാനുള്ള സംവിധാനമാണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ ടി ജലീൽ അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, കെ രാജു, മേയർ ഹണി ബെഞ്ചമിൻ, എം പി മാരായ എ എം ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, കെ സോമപ്രസാദ്, എം എൽ എ മാരായ എം മുകേഷ്, മുല്ലക്കര രത്നാകരൻ, എം നൗഷാദ്, ജി എസ് ജയലാൽ, കോവൂർ കുഞ്ഞുമോൻ, ആർ രാമചന്ദ്രൻ, ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ഡിവിഷൻ കൗൺസിലർ ബി അജിത് കുമാർ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപന-രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമുദായിക നേതാക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു. എൻ കെ പ്രേമചന്ദ്രൻ എം പിയും പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസും ഓൺലൈൻ വഴി പങ്കെടുത്തു.

Content Highlights:Kerala govt launches Sree Narayana Guru Open University