തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെ വികസനത്തിന് 493 കോടി രൂപ അടങ്കല്‍ തുക പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതുതായി 60 ന്യൂജനറേഷന്‍ കോഴ്‌സുകള്‍ അനുവദിക്കും. കൊച്ചി സര്‍വകലാശാലയില്‍ മുന്‍കാലങ്ങളില്‍ അനുവദിച്ച കോഴ്‌സുകള്‍ക്ക് ഇതുവരെ ആവശ്യമായ അധ്യാപക നിയമനം നടന്നിട്ടില്ലെന്നും ആഴ്ചയില്‍ 16 മണിക്കൂര്‍ അധ്യയന സമയം എന്ന മാനദണ്ഡപ്രകാരം മാര്‍ച്ച് മാസത്തിനുള്ളില്‍ ഏതാണ്ട് 1000 തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട് ഉത്തരവ് ഇറക്കുന്നതാണെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു.

ബജറ്റില്‍ അനുവദിച്ച തുകയില്‍ 125 കോടി രൂപ കേരള, കോഴിക്കോട്, കണ്ണൂര്‍, മഹാത്മാഗാന്ധി, സംസ്‌കൃതം, മലയാളം, നിയമ സര്‍വകലാശാലകളുടെ വികസനത്തിന് വേണ്ടിയുള്ളതാണ്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് 16 കോടി രൂപയും കെ.സി.എച്ച്.ആര്‍.-ന് 9 കോടി രൂപയും വകയിരുത്തി. സ്‌കില്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയായ അസാപ്പിന് 50 കോടി രൂപയാണ് വകയിരുത്തിയത്.

കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിന് 5 കോടി രൂപ അനുവദിക്കും. ഇതില്‍ 2 കോടി രൂപ മ്യൂസിയ ങ്ങള്‍ക്കുള്ള വീഡിയോ ഡോക്യുമെന്റേഷനു വേണ്ടിയാണ്. അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള എറുഡൈറ്റ്, സ്‌കോളര്‍ സപ്പോര്‍ട്ട്, വാക്ക് വിത്ത് സ്‌കോളര്‍, ഫോസ്റ്ററിംഗ് റിസര്‍ച്ച് ഇന്‍ സ്റ്റുഡന്റ്‌സ്, ഓറീസ്,  വിവിധങ്ങളായ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയെല്ലാം തുടരുന്നതാണ്. ചില സര്‍വകലാശാലകള്‍ക്ക് നോണ്‍ പ്ലാന്‍ വിഹിതം താഴ്ന്നതാണെന്നും ധനസ്ഥിതി പരിശോധിച്ച് ആവശ്യമായ വര്‍ധന പിന്നീട് നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കിഫ്ബി സഹായത്തോടെയുള്ള കോളേജ്, സര്‍വ്വകലാശാല പശ്ചാത്തലസൗകര്യ വികസനം 2020-21ലാണ് നടപ്പാക്കുക. കൊച്ചി സര്‍വ്വകലാ ശാലയിലെ 100 കോടി രൂപയുടെ ലബോറട്ടറിയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. മറ്റു സര്‍വ്വകലാശാലകള്‍ക്ക് 50-100 കോടി രൂപ വീതമാണ് കിഫ്ബിയില്‍ നിന്നും അനുവദിക്കുക. കോളേജ് കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് 142 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2020-21-ല്‍ എല്ലാ സര്‍ക്കാര്‍ കോളേജുകളിലെയും ലബോറട്ടറികള്‍ നവീകരിക്കുന്നതിന് ഒരു പരിപാടി നടപ്പാക്കുന്നതാണ്. ഓരോ കോളേജും ഇതിന് ആവശ്യമായ പ്രത്യേക പ്രോജക്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കണം. ഇതിന് ആവശ്യമായ പണം മേജര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഹെഡില്‍ നിന്നും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

മറ്റ് പ്രഖ്യാപനങ്ങള്‍

സര്‍വകലാശാലകളിലെ ശാസ്ത്രം, കലാസാഹിത്യം, സാമൂഹ്യപഠനം എന്നീ മേഖലകളിലെ ഏറ്റവും നല്ല മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ണ്ണയിക്കുകയും ആ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ വികസനത്തിന് പ്രത്യേക അവാര്‍ഡുകള്‍ നല്‍കുകയും ചെയ്യും. ആവശ്യമായ തസ്തികകള്‍, പശ്ചാത്തല സൗകര്യ വികസനത്തിനുള്ള ഫണ്ട് ഇവ ലഭ്യമാക്കും. ഇതിനായി 20 കോടി രൂപ പ്രത്യേകം വകയിരുത്തി. കൈരളി റിസര്‍ച്ച് അവാര്‍ഡിനുള്ള ഗവേഷകരെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ തന്നെയായിരിക്കും തിരഞ്ഞെടുക്കുക.

കൊച്ചി സര്‍വകലാശാലയുടെ എന്‍ ആര്‍ മാധവമേനോന്‍ ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ റിസര്‍ച്ച് എത്തിക്‌സ് ആന്‍ഡ് പ്രോട്ടോക്കോള്‍സിന് 2 കോടി രൂപ വകയിരുത്തി. ദ്വിശദാബ്ദി ആഘോഷിക്കുന്ന സി.എം.എസ്. കോളേജിന്റെ ചരിത്രമ്യൂസിയത്തിന് 2 കോടി രൂപ അനുവദിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കേണ്ടത് ആവശ്യമാണ്. അതിന് കോളേജുകളുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിക്കും. മൊത്തം 60 കോഴ്‌സുകളാണ് അനുവദിക്കാന്‍ ഉദ്ദേശിക്കുന്നത്. കോഴ്‌സുകള്‍ക്ക് അര്‍ഹമായ കോളേജുകളെ തിരഞ്ഞെടുക്കുന്നത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.

  • ന്യൂജനറേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി കോഴ്‌സുകളായിരിക്കും തുടങ്ങുക.
  • കോളേജിന് നാക് അക്രഡിറ്റേഷന്റെ എ പ്ലസ് ഗ്രേഡെങ്കിലും ലഭിച്ചിരിക്കണം. സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഇളവു നല്‍കും.
  • പുതിയതായി ആരംഭിച്ച പട്ടികവിഭാഗം ട്രസ്റ്റുകളുടെ കോളേജുകള്‍ക്കു മാത്രമേ ഇതില്‍ നിന്നും ഒഴിവ് നല്‍കൂ.
  • കോഴ്‌സുകള്‍ അനുവദിക്കുന്നതിന് കോളേജിലെ ആ വിഷയത്തിലെ പാരമ്പര്യവും പ്രാഗത്ഭ്യവും അധ്യാപകരുടെ എണ്ണവും സമീപ കോളേജുകളിലെ സ്ഥിതിയും പരിഗണിക്കും.
  • അഞ്ചു വര്‍ഷം കഴിഞ്ഞേ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കൂ. അതുവരെ താല്‍ക്കാലിക കരാര്‍ വ്യവസ്ഥയില്‍ കോഴ്‌സുകള്‍ നടത്തണം.

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളെക്കുറിച്ചുള്ള ദേശീയതല കണ്‍സള്‍ട്ടേഷന്‍സ് തുടരുന്നതാണ്. ലേബര്‍ കോഡ് സംബന്ധിച്ച് തൊഴില്‍ വകുപ്പുമായി സഹകരിച്ചുകൊണ്ട് നവംബര്‍ മാസത്തില്‍ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. നോര്‍ക്കയുമായി സഹകരിച്ച് പുതിയ ഇമിഗ്രേഷന്‍ ആക്ടിനെക്കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇവയ്ക്കുവേണ്ടി ഗിഫ്റ്റിന് 5 കോടി രൂപ അനുവദിക്കുന്നു.

സാങ്കേതിക വിദ്യാഭ്യാസത്തിന് 210 കോടി

സാങ്കേതിക വിദ്യാഭ്യാസത്തിന്റെ അടങ്കല്‍ 210 കോടി രൂപയാണ്. കൊച്ചി സര്‍വ്വകലാശാലയ്ക്ക് 22 കോടി രൂപയും സാങ്കേതിക സര്‍വകലാശാലയ്ക്കും കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തിനും ഐ.എച്ച്.ആര്‍.ഡി.ക്കും 18 കോടി രൂപ വീതം വകയിരുത്തി. എന്‍ജിനീയറിങ് കോളേജുകള്‍ക്ക് 37 കോടി രൂപ വീതവും പോളിടെക്‌നിക്കുകള്‍ക്ക് 40 കോടി രൂപ വീതവും അനുവദിച്ചു.

കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യത്തിന് കെ-ഡിസ്‌കാണ് നേതൃത്വം നല്‍കുന്നത്. എമര്‍ജിങ് ടെക്‌നോളജി സര്‍ക്കാരില്‍ സന്നിവേശിപ്പിക്കുന്നതിനുള്ള പരിപാടിയും ആവിഷ്‌കരിച്ചിട്ടുണ്ട്. കെ-ഡിസ്‌കിന് 25 കോടി രൂപ വകയിരുത്തി.

Content Highlights: Kerala Govt Allocates Rs 493 Crore for Higher Education in Annual Budget