തൃശ്ശൂര്‍: വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനവിവാദങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് സുവര്‍ണജൂബിലി ആഘോഷ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനവിവാദം പേരെടുത്ത് പരാമര്‍ശിക്കാതെ സൂചിപ്പിച്ചായിരുന്നു ഗവര്‍ണറുടെ പ്രസംഗം. ഈ മെഡിക്കല്‍ കോളേജുകളുടെ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത് സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് കഴിഞ്ഞയാഴ്ച ഗവര്‍ണര്‍ പൊതുചടങ്ങില്‍ പ്രസംഗിച്ചിരുന്നു. 

വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പാര്‍ലമെന്റ്, സംസ്ഥാന നിയമസഭ, യു.ജി.സി. എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ നിരവധി നിയമങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഇതിനു പുറമേ ഓരോ സന്ദര്‍ഭത്തിലും ഹൈക്കോടതികളും സുപ്രീംകോടതിയും വിവിധ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വിദ്യാഭ്യാസ മാനേജ്മെന്റുകള്‍ ഉള്‍പ്പെടെ എല്ലാവരും ബോധവാന്മാരായിരിക്കണം. 

സംസ്ഥാനത്തെ രണ്ട് സ്വകാര്യമെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞു. രണ്ടു വര്‍ഷം കഴിഞ്ഞാണ് വിദ്യാര്‍ഥികളോട് കോളേജ് വിടാന്‍ ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കരുത്. 
സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. അത്തരത്തിലുള്ള വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വൈസ് ചാന്‍സലര്‍മാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവര്‍ക്ക് കത്തയക്കാറും വിശദീകരണം തേടാറുമുണ്ട്. പരാതിക്കാര്‍ക്ക് ഈ മറുപടി എത്തിക്കുകയും ചെയ്യും. അതില്‍ തൃപ്തരല്ലാത്തവരോട് ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശിക്കാറെന്നും ഗവര്‍ണര്‍ പറഞ്ഞു.

Content Highlights: Kerala Governor  P. Sathasivam, Medical admission controversies, Supreme Court cancelled kannur Karuna Medical Admissions