കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ ശേഷം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കാത്തതിനാല്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിച്ച എന്‍ജിനിയറിങ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാതിരിക്കുന്നവര്‍ക്ക് വേണ്ടി സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിനായി മാത്രം തയ്യാറാക്കുന്നതാണ് സപ്ലിമെന്ററി റാങ്ക് ലിസ്റ്റ്. ഇതില്‍ ഉള്‍പ്പെടുന്നതിനായി എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വര്‍ഷത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് www.cee.kerala.gov.in വഴി 27ന് ഉച്ചയ്ക്ക് ഒന്നുവരെ നല്‍കണം.

കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവര്‍ക്ക് കംപ്യൂട്ടര്‍ സയന്‍സിന്റെയും കെമിസ്ട്രിയും കംപ്യൂട്ടര്‍ സയന്‍സും പഠിക്കാത്തവര്‍ക്ക് ബയോടെക്‌നോളജിയും കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ബയോടെക്‌നോളജി എന്നിവ പഠിച്ചിട്ടില്ലാത്തവര്‍ക്ക് ബയോളജിയുടെയും മാര്‍ക്ക് നല്‍കാം.

വിദ്യാര്‍ഥികള്‍ നല്‍കുന്ന മാര്‍ക്ക് വിവരങ്ങള്‍ പ്രവേശനസമയത്ത് കോളേജ് അധികൃതര്‍ പരിശോധിക്കുന്നതും വ്യത്യാസം ഉണ്ടെങ്കില്‍ പ്രവേശനം നിരസിക്കുന്നതുമാണ്.

Content Highlights: Kerala Government ordered to prepare supplementary rank list for engineering admission