കോഴിക്കോട്: പാര്‍ട്ട്‌ടൈം ഭാഷാധ്യാപകര്‍ക്കും പ്രോവിഡന്റ് ഫണ്ട് ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉടന്‍ പ്രാബല്യത്തോടെയാണ് തീരുമാനം. സ്പാര്‍ക്ക് മുഖേന ഓണ്‍ലൈനായി വിഹിതം അടയ്ക്കാനുള്ള സൗകര്യമൊരുക്കും. പുതുതായി ജോലി ലഭിച്ചവരും ആനുകൂല്യത്തിന് അര്‍ഹരാണ്. ധനകാര്യവകുപ്പ് ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്.

കോടതിവിധി വന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഒരു വിഭാഗം ഭാഷാധ്യാപകര്‍ക്ക് പി.എഫ്. ആനുകൂല്യം നിഷേധിക്കുന്നത് ഏറെ വിവാദമായിരുന്നു. പി.എസ്.സി. മുഖേന നിയമിക്കപ്പെട്ട അധ്യാപകരോടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ വിവേചനം കാട്ടിയത്. എട്ടുവര്‍ഷമായി ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് 'മാതൃഭൂമി'യില്‍ വാര്‍ത്ത നല്‍കിയിരുന്നു.

പ്രോവിഡന്റ് ഫണ്ട് നല്‍കുന്നതില്‍ വിദ്യാഭ്യാസധനകാര്യ വകുപ്പുകള്‍ക്ക് എതിര്‍പ്പില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് 2019 ഓഗസ്റ്റ് 21-ന് ആയിരുന്നു. സര്‍ക്കാരിന് പി.എഫ്. നല്‍കുമ്പോള്‍ വരുമാനനഷ്ടമില്ലെന്നും അധ്യാപകരുടെ ഒരു വിഹിതം കിട്ടുമെന്നുമായിരുന്നു ഇരു വകുപ്പുകളുടെയും പ്രതിനിധികള്‍ കോടതിയില്‍ വ്യക്തമാക്കിയത്.

സംസ്‌കൃതം, അറബിക്, ഉര്‍ദു, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളില്‍ അധ്യാപകരായവര്‍ക്ക് പുറമേ ക്രാഫ്റ്റ്, ഡ്രില്‍, ഡ്രോയിങ് എന്നീ വിഭാഗക്കാര്‍ക്കും ഇതുതന്നെയായിരുന്നു അവസ്ഥ. സര്‍ക്കാര്‍എയ്ഡഡ് മേഖലയില്‍ 3000 പേര്‍ ഇത്തരത്തില്‍ ജോലിചെയ്യുന്നുണ്ട്. എന്നാല്‍ എയ്ഡഡ് മേഖലയിലെ അധ്യാപകരെക്കുറിച്ച് പുതിയ ഉത്തരവില്‍ ഒരു പരാമര്‍ശവുമില്ല. അത്തരക്കാര്‍ക്ക് നിലവില്‍ പി.എഫ്. ആനുകൂല്യമില്ലാത്ത സ്ഥിതിയാണ്.

പി.എഫ്. ആനുകൂല്യം ഇല്ലാത്തതിന്റെ പേരില്‍ വര്‍ഷങ്ങളായി ജോലി തുടരുന്നവര്‍ക്കുപോലും ബാങ്കുകളില്‍നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നോ ഭവനവായ്പകളോ മറ്റെന്തെങ്കിലും തരത്തിലുള്ള വായ്പകളോ നല്‍കുന്നുമില്ല. പി.എഫിന്റെ മാത്രം പേരില്‍ ഇത്തരം അധ്യാപകരുടെ വായ്പാ അപേക്ഷകള്‍ എത്രയോ നിരസിക്കപ്പെട്ടിട്ടുണ്ട്. മുഴുവന്‍ സമയ അധ്യാപകര്‍ക്കും പാര്‍ട്ട് ടൈം അധ്യാപകര്‍ക്കും വിദ്യാഭ്യാസയോഗ്യത ഒന്നാണ്.

Content Highlights: Kerala government decides to give Provident fund benefit to Parttime language teachers