തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസനയത്തെ അനുകൂലിച്ചും എതിര്‍ത്തും കേരളം. ഉന്നതവിദ്യാഭ്യാസരംഗത്ത് 50 ശതമാനം പേരെയെങ്കിലും 2035-ഓടെ എത്തിക്കണമെന്നതും ജി.ഡി.പി.യുടെ ആറുശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവെക്കും എന്ന പ്രഖ്യാപനവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലും സ്വാഗതംചെയ്തു.

കേന്ദ്രനയത്തെ പൊതുവില്‍ അംഗീകരിക്കുന്ന നിലപാടാണ് രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ ഗവര്‍ണര്‍ സ്വീകരിച്ചത്. എന്നാല്‍, കണ്‍കറന്റ് പട്ടികയില്‍ ഉള്‍പ്പെട്ട വിഷയമായിട്ടും സംസ്ഥാനങ്ങളോടോ പാര്‍ലമെന്റിലോ ചര്‍ച്ചചെയ്യാതെ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചതിനെ മന്ത്രി ജലീല്‍ എതിര്‍ത്തു.

നയത്തില്‍ ലക്ഷ്യമിടുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ കേന്ദ്രവിഹിതം ഗണ്യമായി നല്‍കണം. മെറിറ്റ് നോക്കിയാകണം വിഹിതം അനുവദിക്കേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു. ജി.ഡി.പി.യുടെ ആറുശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവെക്കാന്‍ നിയമനിര്‍മാണം നടത്തണം. എല്ലാ ജില്ലയിലും ഉന്നതവിദ്യാഭ്യാസ കേന്ദ്രമെന്നത് സ്വാഗതാര്‍ഹമാണ്.

എന്നാല്‍, ഉന്നതവിദ്യാഭ്യാസത്തിന് ഏകീകൃത മാനമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തിന്റെ വൈവിധ്യം വിദ്യാഭ്യാസമേഖലയില്‍ പ്രതിഫലിക്കില്ല. പുതുതായി രൂപവത്കരിക്കുന്ന ഉന്നതവിദ്യാഭ്യാസ കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് അപ്രാപ്യമാകും.

ഗവേഷണ വിഷയങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ രൂപവത്കരിക്കുന്ന ദേശീയ ഗവേഷണ ഫൗണ്ടേഷനോടുള്ള എതിര്‍പ്പും സംസ്ഥാനം രേഖപ്പെടുത്തി. ഇത് ഗവേഷണ വിഷയങ്ങളെ പരിമിതപ്പെടുത്തും.

അഫിലിയേറ്റിങ് സംവിധാനം ക്രമേണ ഇല്ലാതാക്കുക, കൂടുതല്‍ കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കുക, വിവിധ കോഴ്സുകളിലെ പ്രവേശനത്തിനായി പൊതുപ്രവേശന പരീക്ഷ നടത്തുക എന്നീ നിര്‍ദേശങ്ങളോടും കേരളം വിയോജിച്ചു.

പുതിയ നയം വിദ്യാര്‍ഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും സംവരണത്തിന് മുന്‍തൂക്കം നല്‍കുന്നില്ലെന്ന് മന്ത്രി ജലീല്‍ കുറ്റപ്പെടുത്തി.

ലക്ഷ്യം സ്വാശ്രയ ഇന്ത്യ-പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വാശ്രയ ഇന്ത്യ (ആത്മനിര്‍ഭര്‍ ഭാരത്) കെട്ടിപ്പടുക്കലാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരുംകാലം ആവശ്യപ്പെടുന്നതനുസരിച്ച് യുവാക്കളെ സജ്ജരാക്കുന്നതിനാണ് നയം ആവിഷ്‌കരിച്ചതെന്ന് ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന ഗവര്‍ണര്‍മാരുടെയും വിദ്യാഭ്യാസമന്ത്രിമാരുടെയും യോഗത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വീഡിയോ കോണ്‍ഫ്രന്‍സ് യോഗം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കാന്‍ വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ സംവിധാനവും പരമപ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''വിദ്യാഭ്യാസനയം സര്‍ക്കാരിന്റെ നയമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല.

വിദേശനയം, പ്രതിരോധനയം എന്നിവപോലെ വിദ്യാഭ്യാസനയവും രാജ്യത്തിന്റെ പൊതുനയമാണ്. സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കലാണ് വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യം -അദ്ദേഹം പറഞ്ഞു.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പുതിയ വിദ്യാഭ്യാസനയം മുന്‍ഗണന നല്‍കുന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

Content Highlights: Kerala expressed its concerns on new national education policy